തേക്കിന്‍കാട് മൈതാനിയില്‍ വര്‍ണവിസ്മയം സമ്മാനിച്ച് തൃശൂര്‍പൂരം വെടിക്കെട്ട് അരങ്ങേറി. കനത്ത സുരക്ഷാക്രമീകരണങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും നടുവിലായിരുന്നു വെടിക്കെട്ട്. തൃശൂര്‍ പൂരത്തിന്റെ പ്രൗഡിയും തനിമയും വിളിച്ചോതിയ വെടിക്കെട്ട് കാണാന്‍ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. പതിവില്‍ നിന്ന് വ്യത്യസ്തമായി വന്‍ സുരക്ഷാസന്നാഹങ്ങള്‍ക്കും പരിശോധനകള്‍ക്കും നടുവിലായിരുന്നു പൂരം വെടിക്കെട്ട്. രാത്രി പത്ത് മണിയോടെ തേക്കിന്‍കാട് മൈതാനിയില്‍ നിന്ന് ജനങ്ങളെ പൂര്‍ണമായും ഒഴിപ്പിച്ചു.

ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സ്ഫോടക വസ്തു വിദഗ്ധര്‍ അടങ്ങിയ നിരീക്ഷണസമിതി വെടിപ്പുരകളില്‍ പരിശോധ നടത്തിയതിനു ശേഷമായിരുന്നു പൂരപ്രമേകിള്‍ കാത്തിരുന്ന വെടിക്കെട്ട്. സ്വരാജ് റൗണ്ടില്‍ വെടിക്കെട്ട് നടക്കുന്നതിന്റെ 100 മീറ്റര്‍ പരിധിയില്‍ ജനങ്ങള്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല. ആദ്യ റൗണ്ടിലെ കൂട്ടപ്പൊരിച്ചിലിനുശേഷമാണ് സ്വരാജ് റൗണ്ട് പൂര്‍ണമായും തുറന്നുകൊടുത്തത്. വര്‍ണ്ണപ്പൊലിമയില്‍ വിസ്മയം തിര്‍ത്ത് വെടിക്കെട്ട്. തിരുവമ്പാടിയും പാറമേക്കാവും രഹസ്യച്ചെപ്പ് തുറന്നപ്പോള്‍ ആകാശം പൂത്തുലഞ്ഞു. മഴവില്ലഴകില്‍ വര്‍ണചിത്രങ്ങള്‍ പൊട്ടിവിടര്‍ന്നു. വെളുക്കുംവരെ വെടിക്കെട്ട് ആസ്വദിച്ചാണ് പൂരപ്രേമികള്‍ മടങ്ങിയത്