തൃശൂര്‍: സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ ലൈഫ് മിഷന്‍ നടപ്പിലാക്കാന്‍ തൃശൂര്‍ കോര്‍പ്പറേഷന്‍ 2.44 കോടി വകമാറ്റുന്നു. വിവിധ പദ്ധതികളുടെ ഫണ്ടാണ് ഇതിനുവേണ്ടി ഉപയോഗിക്കാന്‍ ശ്രമമുള്ളത്. വിവിധ കാലഘട്ടങ്ങളിലായി തുടങ്ങുകയും ഇപ്പോഴും പുരോഗമിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന ആശ്രയ, ഇ.എം.എസ് പദ്ധതികളിലെ നിക്ഷേപമായ 2,44,57,228 രൂപയാണ് ലൈഫ് മിഷന് വേണ്ടി മാറ്റിവെക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. 

കോര്‍പ്പറേഷനില്‍ ലൈഫ് മിഷനില്‍ അര്‍ഹരായി നാലായിരത്തോളം പേരെ കണ്ടെത്തിയിട്ടുണ്ട്. പദ്ധതി സര്‍വേ പൂര്‍ത്തിയാക്കിയതൊഴിച്ചാല്‍ ആര്‍ക്കും ഇതുവരെയും തുക നല്‍കിയിട്ടില്ല. ജനറല്‍ വിഭാഗത്തിന് 50 ലക്ഷവും പട്ടികജാതി വിഭാഗങ്ങള്‍ക്കുള്ള 57,80,757 രൂപയുമാണ് വകയിരുത്തിയിട്ടുള്ളത്. ഇത് അപര്യാപ്തമാണെന്ന് കോര്‍പ്പറേഷന്‍ തദ്ദേശവകുപ്പിനെ അറിയിച്ചിട്ടുണ്ടെങ്കിലും സാമ്പത്തീക പ്രതിസന്ധിയുടെ സാഹചര്യത്തില്‍ തുക അനുവദിക്കാന്‍ തല്‍ക്കാലം നിര്‍വാഹമില്ലാത്തതിനാലാണ് മറ്റ് ഫണ്ടുകളെ ആശ്രയിക്കുന്നത്. 

അഞ്ച് വര്‍ഷമാണ് ലൈഫ് മിഷന്‍ പദ്ധതിയുടെ സമ്പൂര്‍ണ്ണ കാലാവധിയെങ്കിലും ഓരോ വര്‍ഷവും നിശ്ചിത എണ്ണം പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. വിവിധ ഘട്ടങ്ങളിലായി നിര്‍മ്മാണം പൂര്‍ത്തീകരിക്കാതെ കിടന്ന വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്തുതാണ് ആദ്യഘട്ടം. ഇതനുസരിച്ച് 716 വീടുകള്‍ മാര്‍ച്ചിനകം പൂര്‍ത്തിയാക്കി ലൈഫ്മിഷനില്‍ ആദ്യഘട്ടത്തിലെ പട്ടികയില്‍ ഇടം നേടാനാണ് കോര്‍പ്പറേഷന്‍ പദ്ധതി. 

400 ച. അടി വീടിന് നാല് ലക്ഷം രൂപയാണ് പരമാവധി ലഭിക്കുക. നിര്‍മ്മാണം പൂര്‍ത്തിയാക്കി എത്തിയാല്‍ ഇവര്‍ക്ക് തുക അനുവദിക്കേണ്ടി വരും. ഇതിനാണ് ആശ്രയ, ഇ.എം.എസ് ഭവന പദ്ധതികളിലെ ഫണ്ട് വകമാറ്റുന്നത്. ആശ്രയ പദ്ധതിയുടെ അക്കൗണ്ടില്‍ 1,25, 57,228 ഉം, ഇ.എം.എസ് പദ്ധതിയുടെ അക്കൗണ്ടില്‍ 1,19,00,000 ഉം രൂപയും നിക്ഷേപമായി കിടക്കുന്നുണ്ട്. നിലവില്‍ ഇതില്‍ നിന്നും ഭക്ഷണം, ചികില്‍സ, അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്കുള്ള തുകയും ഈ ഫണ്ടുകളില്‍ നിന്നാണ് ഉപയോഗിക്കുന്നത്.