തൃശൂര്‍: ഓണ്‍ലൈന്‍ വഴിയും നേരിട്ടും വില്പന തകൃതിയായതോടെ എല്‍.എസ്.ഡി അടക്കമുള്ള സിന്തറ്റിക് മരുന്നുകളുടെ ഹൈടെക് ഹബ്ബായി തൃശൂര്‍ ജില്ല മാറുന്നു. നഗരത്തിന് പുറമെ തൃപ്രയാറാണ് മയക്ക് സ്റ്റാമ്പുകളുടെയും കഞ്ചാവുകളുടെയും പ്രധാന വില്പന കേന്ദ്രം. ഒരുമാസത്തിനിടെ ജില്ലയിലെ എക്സൈസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത് നൂറുകണക്കിന് എല്‍.എസി.ഡി സ്റ്റാമ്പുകളാണ്. ഇവയ്ക്ക് വിപണിയില്‍ 10 ലക്ഷം രൂപയോളം വരും. 

എംഡിഎംഎയും ഗുളികകളും പിടിച്ചെടുത്തിരുന്നു. ഇതിനു പുറമെ, കഞ്ചാവ് വേട്ടയും ജില്ലയില്‍ തകൃതിയാണ്. മൂന്ന് മാസത്തിനിടെ 50 കിലോയ്ക്കടുത്ത് കഞ്ചാവ് പിടികൂടിയിരുന്നു. ഇക്കഴിഞ്ഞ 17ന് അതിമാരകമായ മയക്കുമരുന്നായ 28 പെന്‍റ്‌റാസോസിന്‍ ആംപ്യൂളുകളുമായി യുവാവിനെ തൃശൂരില്‍ നിന്ന് പിടികൂടി. ടാറ്റു വരയില്‍ വിദഗ്ധനായ ഉക്കടം സ്വദേശി വിജയ് (21) ടാറ്റുവരയ്ക്കുമ്പോള്‍ വേദന അറിയാതിരിക്കാനുള്ള മരുന്നിനായാണ് ഇവ കൈവശം വച്ചിരുന്നത്. 

ഒരു ഇഞ്ചക്ഷന്‍ എടുത്താല്‍ ആറ് മണിക്കൂര്‍ മയക്കം നില്‍ക്കും. ഡോസ് ഒന്നിന്ന് 5,000 രൂപയാണ് ഇയാള്‍ ആവശ്യക്കാരില്‍ നിന്ന് ഈടാക്കിയിരുന്നത്. മെഡിക്കല്‍ ഷോപ്പുകളില്‍ ലഭിക്കുന്ന ഈ മരുന്ന് പ്രസവ സമയത്തെ വേദന ഒഴിവാക്കാന്‍ മയക്കത്തിനായി ഉപയോഗിക്കാറുണ്ട്. ബെംഗളുരുവിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ വഴി 2000 രൂപയ്ക്കാണ് താനിത് വാങ്ങുന്നതെന്ന് വിജയ് മൊഴി നല്‍കിയത്. ഒരു മില്ലി വീതമുള്ള 28 ആംപ്യൂളിന് വിപണിയില്‍ 1,40,000 രൂപ വില വരും.

വ്യത്യസ്ത രുചികളിലുള്ള മയക്കുമരുന്നുകളുടെ പരീക്ഷണ കേന്ദ്രമായും തൃശൂര്‍ മാറുകയാണ്. നഗരത്തിലെ ഷോപ്പിംഗ് മാളുകളും ഷോപ്പിംഗ് കോംപ്ലക്സുകളും ബസ് സ്റ്റാന്‍റുകളും തേക്കിന്‍കാട് മൈതാനവുമെല്ലാം മയക്കുമരുന്ന്, കഞ്ചാവ് ലോബിയുടെ ഇടത്താവളങ്ങളാണ്. ഹൈസ്കൂള്‍ മുതല്‍ ബിരുദ- ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ വരെയാണ് മയക്കുമരുന്ന് മാഫിയയുടെ പ്രധാന ഇരകളും വില്പനക്കാരും.

വിദ്യാര്‍ത്ഥികള്‍ മയക്കുമരുന്ന് മാഫിയയുടെ പ്രധാന ഇരകളും വില്പനക്കാരും

23 സ്റ്റാമ്പുകളുമായി എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ജസ്റ്റിന്‍ പൗലോസ് അറസ്റ്റിലായതാണ് ഒടുവിലത്തെ സംഭവം. തൃശൂരില്‍ നിന്ന് അറസ്റ്റിലായ ജസ്റ്റിന്‍, വിദേശത്തുനിന്ന് ഓണ്‍ലൈന്‍ വഴിയാണ് ഇവ സമ്പാദിച്ചത്. കൊറിയറായും സ്പീഡ് പോസ്റ്റായുമാണ് ഇവ നാട്ടിലെത്തിച്ചതെന്ന് ജസ്റ്റിന്‍ എക്സൈസിന് മൊഴി നല്‍കിയിരുന്നു. 

വില്പനക്കിടയിലോ, കൈവശം വച്ചതിനോ പിടിയിലായാല്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുക്കുന്ന പതിവില്ല. രക്ഷിതാക്കളെ വിളിച്ചുവരുത്തി താക്കീത് നല്‍കി വിടുകയാണ് രീതി. എന്നാല്‍ ഇവരില്‍ നിന്ന് വിവരം ശേഖരിച്ച് യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തുന്നതിന് ആരും തുനിയുന്നുമില്ല. ഇത് മയക്കുമരുന്ന് മാഫിയയെയാണ് സഹായിക്കുന്നത്.

സ്റ്റുഡന്‍റ് പൊലീസ് അധ്യാപകര്‍ക്ക് വിവരം നല്‍കിയതിനെ തുടര്‍ന്ന് ജനുവരിയില്‍ രണ്ട് കിലോ കഞ്ചാവുമായി തൃശൂര്‍ സിറ്റി പൊലീസ് പാലക്കാട് പല്ലശന സ്വദേശിയായ പ്രഭുവെന്നയാളെ പിടികൂടിയിരുന്നു. വാനിറ്റി ബാഗില്‍ ചെറുപൊതികളിലാക്കി കഞ്ചാവ് വില്‍ക്കുന്നതിനിടെ ഈമാസം മൂന്നിന് ചാലക്കുടി വി.ആര്‍ പുരം പയ്യപ്പിള്ളി ബോബന്‍റെ ഭാര്യ ഹബീബ (34) പിഞ്ചുകുഞ്ഞിനൊപ്പവും അറസ്റ്റിലായി. 

രണ്ടേകാല്‍ കിലോ കഞ്ചാവ് 10 ഗ്രാമിന്‍റേയും 25 ഗ്രാമിന്‍റെയും പൊതികളാക്കി വില്പനക്ക് കടത്തുന്നതിനിടെ ഇക്കഴിഞ്ഞ വെള്ളിയാഴ്ച പിടിയിലായ യുവാക്കളുടെ സംഘവും വിദ്യാര്‍ത്ഥികളെ ഇടനിലക്കാരാക്കുന്നവരാണ്. ജനുവരിയില്‍ 17 കിലോ കഞ്ചാവുമായി ആറംഗ സംഘത്തെ തൃപ്രയാറില്‍ നിന്നുതന്നെ പിടികൂടിയിരുന്നു. വാളയാര്‍ ഡാം റോഡ് സ്വദേശി കഞ്ചാവ് രാജ എന്ന വടിവേലു(32) ഉള്‍പ്പടെ പിടിയിലായത്.