തൃശൂര്‍: ദേശീയ പാത കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന അന്തർ സംസ്ഥാന കൊളള സംഘത്തിലെ തലവനെ പൊലീസ് പിടികൂടി. തൃശ്ശൂർ അരിമ്പൂർ സ്വദേശി വിപിനെയാണ് വാളയാർ പൊലീസ് പിടികൂടിയത്. ഇയാളുടെ സംഘത്തിലെ നാല് പേരെ രണ്ടാഴ്ച മുൻപ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ബംഗലൂരു -കൊച്ചി ദേശീയ പാത, കേരളത്തിലേക്കുളള ദീർഘ ദൂര ട്രെയിനുകൾ എന്നിവ കേന്ദ്രീകരിച്ചാണ് കൊളള സംഘത്തിന്‍റെ പ്രവർത്തനം. സ്വർണ വ്യാപാരികളെയും കുഴൽപ്പണം കടത്തുന്നവരെയും പൊലീസ് ചമഞ്ഞ് ഇവർ തടഞ്ഞുവയ്ക്കും. പണവും ആഭരണങ്ങളും കൈക്കലാക്കിയ ശേഷം ഇവരെ ആളൊഴിഞ്ഞ ഇടത്ത് ഉപേക്ഷിക്കുകയാണ് ഇവരുടെ രീതി.

ഹവാല പണവും രേഖകളില്ലാത്ത സ്വർണവുമായതിനാൽ അധികമാരും കേസിന് പോകാറില്ല. ഇതും ഈ സംഘത്തിന് കരുത്തായി. ആഗസ്റ്റ് മാസത്തിൽ വാളയാർ ചെക്പോസ്റ്റിന് സമീപം സ്വർണ വ്യാപാരിയെ തടഞ്ഞുനിർത്തി ഒന്നരലക്ഷത്തിന്റെ ആഭരണങ്ങൾ കവർന്നിരുന്നു. ഈ കേസിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെക്കുറിച്ച് ഏകദേശ വിവരം പൊലീസിന് കിട്ടിയത്.

2015മുതൽ ഇവർ ഈ രീതിയിൽ കോടിക്കണക്കിന് രൂപ കവര്‍ന്നതായാണ് പൊലീസിന് കിട്ടിയ വിവരം. വിപിനായിരുന്നു സംഘത്തിന് നേതൃത്വം നൽകിയതും കവർച്ചകൾ ആസൂത്രണം ചെയ്തതും. കവർച്ചക്ക് ഉപയോഗിച്ച രണ്ട് വാഹനങ്ങളും വ്യാജ നമ്പർ പ്ലേറ്റുകളുകളും പൊലീസ് കണ്ടെടുത്തു. വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിച്ചതിന് വിപിനെതിരെ താമരശ്ശേരി പൊലീസ് സ്റ്റേഷനിൽകേസുണ്ട്.

കേരള -തമിഴ്നാട് അതിർത്തി കേന്ദ്രീകരിച്ച് നടന്ന കവർച്ചക്കേസുകൾ കൈകാര്യം ചെയ്യാൻ തമിഴ്നാട് പൊലീസ് വിമുഖതകാണിക്കുന്നെന്ന് ആക്ഷേപമുണ്ടായിരുന്നു. ഇതെ തുടർന്നാണ് അതിർത്തി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകിയത്. കവർച്ച സംഘത്തിൽ ഇനിയും കൂടുതൽ പേർ ഉണ്ടെന്നാണ് സൂചന. ഇവർ ഉടൻ വലയിലാകുമെന്ന് പൊലീസ് പറഞ്ഞു.