പൂരങ്ങളുടെ പൂരത്തിന് തൃശൂർ ഒരുങ്ങുന്നു

തൃശൂര്‍: പൂരത്തിന് ദിവസങ്ങൾ ബാക്കി നില്‍ക്കെ അവസാനവട്ട ഒരുക്കത്തിലാണ് തിരുവമ്പാടി-- പാറമേക്കാവ് വിഭാഗങ്ങള്‍. കുടമാറ്റത്തിനായി അണിയറയിൽ വൈവിധ്യങ്ങളായ കുടകൾ പണിതീർക്കുന്ന തിരക്കിലാണിവർ. ഇലഞ്ഞിത്തറ മേളം അവസാനിക്കുമ്പോള്‍ തെക്കേ ഗോപുരനടയിൽ വിരിയുന്നത് കുടമാറ്റത്തിന്‍റെ ഒടുങ്ങാത്ത വര്‍ണവിസ്മയമാണ്. 

ഇവിടെയാണ് പാറമേക്കാവും തിരുവമ്പാടിയും തമ്മില്‍ ഇഞ്ചോടിഞ്ച് മത്സരം നടക്കുന്നത്. പരീക്ഷണങ്ങളും പുത്തന്‍ പരിഷ്‌കാരങ്ങളും ഇത്തവണയും കുടമാറ്റത്തിനൊപ്പമുണ്ടാകും. 38 വര്‍ഷമായി ഈ രംഗത്തുളള അരണാട്ടുകര പുരുഷോത്തമനാണ് തിരുവമ്പാടിയുടെ കുടനിര്‍മ്മാണത്തിന് ചുക്കാൻ പിടിക്കുന്നത്. കഴിഞ്ഞ രണ്ടുമാസമായി 15 പേരടങ്ങുന്ന സംഘം രാപ്പകലില്ലാതെ കുടനിര്‍മ്മാണത്തിലാണ്.

ജനസഞ്ചയത്തെ വിസ്മയിപ്പിക്കാൻ പുതുമയേറിയ കുടകളുമായാണ് പാറമേക്കാവ് എത്തുന്നത്. പൂരപ്പൊലിമ കൂട്ടാൻ ലക്ഷങ്ങളാണ് ഇരുദേവസ്വങ്ങളും കുടനിര്‍മ്മാണത്തിനായി മാറ്റിവെക്കുക. 50 സെറ്റ് വീതം കുടകളാണ് ഓരോ വിഭാഗവും തയ്യാറാക്കുന്നത്. ആസ്വാദകരെ വിസ്മയിപ്പിക്കുന്ന പ്രത്യേക കുടകൾ ഏതൊക്കെയെന്നത് കുടമാറ്റം നടക്കുന്ന നിമിഷം വരെയും രഹസ്യമായിരിക്കും. നാളുകളായി അടക്കിവച്ച ഈ ആകാംഷ തന്നെയാണ് കുടമാറ്റത്തെ ആസ്വാദ്യമാക്കുന്നതും.