നേരത്തെ പരവൂര്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സാംപിള്‍ വെടിക്കെട്ട് വേണ്ടെന്നുവെച്ചിരുന്നു. ഇതിനുപിന്നാലെ രാത്രികാല വെടിക്കെട്ടിന് ഹൈക്കോടതിയുടെ നിരോധനവും വന്നതോടെ തൃശൂര്‍ പൂരം നടത്തിപ്പ് തന്നെ ആശങ്കയിലായിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം ഹൈക്കോടതി നിലപാട് മാറ്റുകയും, സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷിയോഗത്തില്‍ അനുകൂല നിലപാട് ഉണ്ടാകുകയും ചെയ്‌തതോടെയാണ് തൃശൂര്‍ പൂരം നടത്തിപ്പിനെക്കുറിച്ചുള്ള ആശങ്കകള്‍ മാറിയത്. കൂടാതെ കഴിഞ്ഞദിവസം പൂരം നടത്തണമെന്ന് ആവശ്യപ്പെട്ട് തൃശൂര്‍ പൗരാവലി നടത്തിയ ഏകദിന ഉപവാസ സമരവും ഫലം കണ്ടു.

അതേസമയം തൃശൂര്‍ പൂരം നടത്തിപ്പിനെ കുറിച്ചുള്ള തീരുമാനങ്ങള്‍ എടുക്കുന്നതിന് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ദേവസ്വം പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും. രാവിലെ 7.30 തൃശൂര്‍ രാമനിലയത്തിലാണ് യോഗം. പൂരത്തിന് മുന്‍കാലങ്ങളിലെ പോലെ ആഘോഷമുണ്ടാകുമെന്ന പ്രഖ്യാപനവും ഇന്ന് നടത്തും. ഹൈക്കോടതിയില്‍ നിന്നും സര്‍ക്കാരില്‍ നിന്നും അനുകൂല തീരുമാനം വന്നതോടെ ഇന്ന് സാംപിള്‍ വെടിക്കെട്ട് നടത്താന്‍ തീരുമാനമായത്.