തൃശ്ശൂര്‍: എന്തൂട്ട്ന്നാ പറയാ. തൃശൂര്ലെ റോഡിന്റെ കഥയൊന്നും പറയണ്ടിഷ്ടാ. ആകെ തകിട് പൊട്യാ. നട്ടെല്ലൊടിയും. കൊറേ ഓട്ടേല് ടാറും പിന്നെ കൊറേ സിമന്റും. ഒന്ന് പോയി വന്നാ പിന്നെ കണ്ണ് നീറീട്ട് നിക്കാന്‍ പറ്റ്ല്യ. അവര് പറയും ഇവരാന്ന്, ഇവര് പറയും അവരാന്ന്. ആരായാലും ഈ ശവ്യോള്‍ക്ക് റോഡൊന്ന് ശരിക്കും നന്നാക്കിക്കൂടെ. ആദ്യം മഴേടെ പേര് പറഞ്ഞു. മഴ മാറീട്ടും അവരുടെ മനസ് മാറില്ല. ഇപ്പ തുലാമഴ പെയ്തതോടെ നമ്മളെ പോലുള്ളോര്ടെ കാര്യം കട്ടപ്പുകയായി- തൃശ്ശൂരിലെ റോഡിന്റെ 'മേന്മ' നേരിട്ടനുഭവിച്ച ഒരു സാധാരക്കാരനോട് പ്രതികരണം ചോദിച്ചാല്‍ അതിങ്ങനെയാകും.

ജില്ലയില്‍ സംസ്ഥാന, ജില്ലാ പാതകളായി 2430 റോഡുകളുണ്ട്. ഇവ കൂടാതെ രണ്ട് ദേശീയപാതകളും തദ്ദേശസ്ഥാപനങ്ങളുടെ നൂറുകണക്കിന് റോഡുകളും. 80 ശതമാനം റോഡുകളും തകര്‍ന്ന് കിടക്കുകയാണ്. തകര്‍ച്ചയുടെ കാര്യത്തില്‍ ദേശീയ പാതകളും സംസ്ഥാന പാതകളും പഞ്ചായത്തുകളുടെ അധീനതകളിലുള്ള റോഡുകളോട് മത്സരിക്കുകയാണ്. കുഴിയെന്നാല്‍ അക്ഷരാര്‍ത്ഥത്തില്‍ മരണക്കുഴികള്‍. റോഡിലെ കുഴികള്‍ മൂലമുണ്ടായ അപകടങ്ങളില്‍ രണ്ട് മാസത്തിനിടെ തൃശൂര്‍ ജില്ലയില്‍ മരിച്ചത് ആറ് പേരാണ്. 

തൃശൂരില്‍ നിന്ന് കാഞ്ഞാണി വഴി ദേശീയ പാത 17 വാടാനപ്പള്ളിയിലേക്ക് പോകുന്ന സംസ്ഥാന പാതയില്‍ മാത്രം മൂന്ന് പേരുടെ ജീവന്‍ പൊലിഞ്ഞു. ഇവിടെ ചേറ്റുപുഴ മുതല്‍ എറവ് വരെ റോഡ് തകര്‍ന്നുകിടക്കുകയാണ്. മരണങ്ങള്‍ പെരുകിയതോടെ പൊതുമരാമത്ത് വകുപ്പ് കുഴികളില്‍ കോണ്‍ക്രീറ്റ് ഇട്ട് തല്‍ക്കാലിക പരിഹാരം കണ്ടു. വാഹനഹങ്ങള്‍ കയറിയിറങ്ങി കോണ്‍ക്രീറ്റ് അടര്‍ന്നുതുടങ്ങിയതോടെ വഴിയാത്രക്കാരും വാഹനങ്ങളില്‍ സഞ്ചരിക്കുന്നവരും പൊടിപടലത്താല്‍ ദുരിതത്തിലാണ്.

സംസ്ഥാന പാതകള്‍

ജില്ലയില്‍ സംസ്ഥാന പാതകള്‍ നിരവധിയാണ്. തൃശൂര്‍-കാഞ്ഞാണി-വാടാനപ്പള്ളി റോഡിന്റെ അവസ്ഥ അങ്ങിനെയാണെങ്കില്‍ മറ്റിടങ്ങളിലെ സ്ഥിതി മറിച്ചൊന്നുമല്ല. ദേശീയ പാതകളെ തന്നെ ബന്ധിപ്പിക്കുന്ന പോട്ട-മൂന്നുപീടിക റോഡിലെ അറ്റകുറ്റപ്പണികള്‍ രാഷ്ട്രീയ വിവാദങ്ങളാല്‍ നീളുകയാണ്. 60 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചതായും ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായതായും കെ.യു.അരുണന്‍ എംഎല്‍എ വ്യക്തമാക്കി. 

അതേസമയം, യുഡിഎഫ് സര്‍ക്കാര്‍ നേരത്തെ പണം അനുവദിച്ചിരുന്നുവെന്ന വാദവുമായി പ്രതിപക്ഷം രംഗത്തെത്തിയതോടെ റോഡിലെ യാത്രക്കാരുടെ സ്ഥിതി പഴയപടി തുടരുകയാണ്. വിവാദം കൊഴുക്കുന്ന ഇരിങ്ങാലക്കുടയിലെ ബസ് സ്റ്റാന്റിലേക്കുള്ള റോഡ് അറ്റകുറ്റപ്പണി നടത്താത്തത് കോടതി കയറിയെന്നത് മൊറ്റൊരു കാര്യം. കഴിഞ്ഞ ദിവസം ഇവിടെ കോടതിയയച്ച അഭിഭാഷക കമ്മിഷന്‍ തെളിവെടുപ്പ് നടത്തി.

തൃശൂര്‍-വടക്കാഞ്ചേരി-ഷൊര്‍ണൂര്‍ 

പാതയിലെ യാത്രയും ദുരിതം പേറിയതാണ്. പലയിടത്തും വലിയ ഗര്‍ത്തങ്ങളും നീളന്‍ ചാലുകളുമാണ് റോഡില്‍. കുഴികളില്‍ അകപ്പെടാതെ ദിശമാറി വരുന്ന വാഹനങ്ങള്‍ എതിരെ വരുന്നവയുടെ നിയന്ത്രണത്തെയാണ് ബാധിക്കുന്നത്. ചെറുതും വലുതുമായ അപകടങ്ങള്‍ ഇതുവഴി പതിവായിക്കഴിഞ്ഞു. തൃശൂര്‍-ചേര്‍പ്പ്-തൃപ്രയാര്‍ സംസ്ഥാന പാതയില്‍ പഴുവില്‍ പാലം തുറന്നതോടെ യാത്രക്കാര്‍ക്ക് ആശ്വാസമായെങ്കിലും നിര്‍മാണഘട്ടത്തില്‍ ബസുകളുള്‍പ്പടെ വലിയ വാഹനങ്ങള്‍ക്ക് വഴിയൊരുക്കി കൊടുത്ത കിഴുപ്പിള്ളിക്കര റോഡ് നിവാസികള്‍ നരകയാത്രയിലാണ്. 

പഴുവിലില്‍ നിന്ന് കിഴുപ്പിള്ളിക്കര വഴി പെരിങ്ങോട്ടുകര ഷെഡ്ഡ് സെന്ററിലേക്കുള്ള യാത്രാമാര്‍ഗത്തെ റോഡെന്നുപോലും വിളിക്കാനാവാത്തവിധം തകര്‍ത്ത് തരിപ്പണമാക്കി. റോഡ് റോഡായി മാറുന്നതിന് നാട്ടുകാര്‍ അധികാരികളെയും ജനപ്രതിനിധികളെയും ബന്ധപ്പെട്ടുതുടങ്ങി. അധികാരികളുടെ നിസംഗത സമരക്കാലത്തേക്കാണ് കൊണ്ടെത്തിക്കുകയെന്ന് പറയാം. തൃശൂര്‍-കുന്നംകുളം സംസ്ഥാന പാതയുടെ നിര്‍മാണം തന്നെ പൂര്‍ത്തിയായെന്ന് പറയാനാവില്ല. പതിറ്റാണ്ടുകളുടെ പഴക്കമുള്ള വിവാദങ്ങളും സമരങ്ങളും അടിതത്തറപാകിയ ഈ റോഡിലും മരണക്കുഴികളേറെയാണ്. റോഡ് നിര്‍മാണത്തിലെ അട്ടിമറികള്‍ പരസ്പരം ആരോപിച്ചാണ് ഭരണ-പ്രതിപക്ഷ കക്ഷികള്‍ യാത്രക്കാരെയും നാട്ടുകാരെയും കബളിപ്പിക്കുന്നത്. 

ദേശീയ പാതകള്‍

ദേശീയപാത 544 ല്‍ മണ്ണുത്തി-ഇടപ്പിള്ളി റോഡിലെ കുഴികള്‍ മനുഷ്യജീവനെ കവര്‍ന്നെടുക്കുന്നതാണ്. തൃശൂര്‍-മണ്ണുത്തി-പാലക്കാട് ദേശീയപാതയുടെ അവസ്ഥ അതിഭീകരം. ഇരട്ടക്കുഴല്‍ പാതയുടെ നിര്‍മാണം നടക്കുന്ന കുതിരാന്‍ ഇന്നും യാത്രക്കാരുടെ പേടിസ്വപ്നമാണ്. ഇവിടെ അറ്റകുറ്റപ്പണികള്‍ തന്നെ നടന്നിട്ട് വര്‍ഷങ്ങളായി. റോഡ് ഏതുവഴിയെന്നുപോലും മനസിലാവാത്ത വിധമാണ് ഇതുവഴിയുളള വാഹന സഞ്ചാരം തന്നെ. നവീകരണത്തിന്റെ ഭാഗമായി ഇളക്കിയിട്ട ചെറു പാറകഷണങ്ങളും മണ്ണും കിടക്കുന്ന റോഡിന് പുറത്തെ ഭാഗങ്ങളിലൂടെയും വാഹനങ്ങള്‍ കടന്നുപോകുന്നുണ്ട്. ഭീമാകാരമായ കൊക്കയാണിതിനോട് ചേര്‍ന്നതെന്ന് മനസിലാവാതെയുള്ള യാത്ര വലിയ അപകടങ്ങളാണ് വരുത്തി വയ്ക്കുക.

അറ്റക്കുറ്റപ്പണികള്‍ക്ക് നല്‍കിയ സമയം അവസാനിച്ചു

റോഡിലെ കുഴികള്‍ അടച്ച് താല്‍ക്കാലിക അറ്റകുറ്റപ്പണികള്‍ നടത്താന്‍ പൊതുമരാമത്ത് മന്ത്രി ജി.സുധാരന്‍ അനുവദിച്ച സമയം ബുധനാഴ്ച അവസാനിച്ചു. അറ്റകുറ്റപ്പണികള്‍ക്ക് അനുവദിച്ച ഫണ്ട് നിയോജകമണ്ഡലാടിസ്ഥാനത്തില്‍ നല്‍കിയതിലെ പാകപ്പിഴവ് നിര്‍മാണത്തെ ബാധിച്ചിട്ടുണ്ട്. മുഖ്യ റോഡ്, പ്രത്യേക പരിഗണ ലഭിക്കേണ്ട റോഡ്, അധികം ആളുകള്‍ ഉപയോഗിക്കുന്ന റോഡ് എന്നിങ്ങനെ മുന്‍ഗണന നോക്കി ആദ്യം തീര്‍ക്കേണ്ട റോഡുകളുടെ പട്ടിക തയ്യാറാക്കാതെ എംഎല്‍എമാര്‍ നേരിട്ടെത്തി മന്ത്രിയെ സ്വാധീനിച്ച് തങ്ങളുടെ മണ്ഡലങ്ങളിലേക്ക് ഫണ്ട് തരപ്പെടുത്തുകയായിരുന്നു. ഇതിനുപുറമെയാണ് ജിഎസ്ടിയുടെ പേരില്‍ കരാറുകാര്‍ സമരത്തിലേക്ക് കൂടി കടന്നതോടെ പൊതുജന സഞ്ചാരം ഔദാര്യം പോലെ തുടരുകയാണ്.

വത്സൻ രാമംകുളത്ത് തയ്യാറാക്കിയ റിപ്പോര്‍ട്ട്