തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങും. അവസാന ദിനം അരങ്ങിലെത്തുക നാല് മത്സരങ്ങള്‍. കിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. 874 പോയിന്റുമായി കോഴിക്കോട് സ്വര്‍ണ്ണകപ്പിനായുള്ള ആധിപത്യം ഉറപ്പിക്കുകയാണ്. 868 സ്വന്തമാക്കി പാലക്കാട് രണ്ടാമതും 855 പോയിന്റ് നേടി മലപ്പുറം മൂന്നാം സ്ഥാനത്തുമാണ്. സ്വന്തം മണ്ണില്‍ നടക്കുന്ന മത്സരത്തില്‍ 846 പോയിന്റുമായി തൃശൂരാണ് നാലാം സ്ഥാനത്ത്. 846 പോയിന്റ് നേടി കണ്ണൂരാണ് അഞ്ചാം സ്ഥാനത്ത് ഉള്ളത്.

കലോത്സവത്തിലെ വ്യാജ അപ്പീല്‍ വിവാദത്തില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്തുവരുകയാണ്. ബാലവകാശ കമ്മിഷന്റെ വ്യാജ സീലുണ്ടാക്കി സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ യോഗ്യത നേടാന്‍ ശ്രമിച്ച കേസില്‍ കസ്റ്റഡിയില്‍ ഉള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കലാധ്യാപകരായ ത്യശൂര്‍ ചേര്‍പ്പ് സ്വദേശി സൂരജ്, കോഴിക്കോട് സ്വദേശി ജോബി എന്നിവരയുടെ അറസ്റ്റാണ് ഇന്ന് രേഖപ്പെടുത്തുക. വ്യാജരേഖ ചമക്കള്‍ അടക്കമുള്ള വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. കഴിഞ്ഞ കുറേ വര്‍ഷമായി വ്യാജ അപ്പീലുകള്‍ തരപ്പെടുത്തുന്ന റാക്കറ്റാണ് ഇതിന് പിന്നില്ലെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട് അഞ്ചു പേരെ കൂടി തൃശൂര്‍ പൊലീസ് ക്ലബില്‍ ചോദ്യം ചെയ്തു. സംഭവത്തില്‍ കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് അറിവില്ലായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. നാല്പതിനായിരം മുതല്‍ ഒരു ലക്ഷം രൂപ വരെ ഈടാക്കിയാണ് അപ്പീലുകള്‍ നല്‍കിയതെന്ന് കസ്റ്റഡിയില്‍ ഉള്ള പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്. വ്യാജ അപ്പീല്‍ പ്രതികളെ കണ്ടെത്താനായത് വിജിലന്‍സ് സംവിധാനം ശക്തം ആയതിനാല്‍ ആണെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രാഥ് പറഞ്ഞു. കലോത്സവ മാനുവല്‍ അടുത്ത കൊല്ലവും പരിഷ്‌കരിക്കുമെന്നും സര്‍ക്കാര്‍ ഇടപെടലിലൂടെ മാഫിയയെ ഇല്ലാതാക്കുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ബാലവാകാശ കമ്മിഷനും ഇക്കാര്യത്തില്‍ ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു.