കൂടുതല്‍ തീരുമാനം സംസ്ഥാന കൗണ്‍സിലിന് ശേഷം

ചെങ്ങന്നൂര്‍:കർണ്ണാടക തെരഞ്ഞെടുപ്പ് കഴിയുന്നതോടെ പ്രശ്നപരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി തുഷാർ വെള്ളാപ്പള്ളി.കൂടുതൽ തീരുമാനം ഇന്നത്തെ സംസ്ഥാന കൗൺസിലിന് ശേഷമെന്നും തുഷാർ വെള്ളാപ്പള്ളി .

ഇന്ന് ചേരുന്ന ബിഡിജെഎസ് സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ ഉപതെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട രാഷ്ട്രീയ നിലപാട് ചര്‍ച്ച ചെയ്യും. കടുത്ത തീരുമാനങ്ങളുണ്ടാകില്ലെന്ന പ്രതീക്ഷയാണ് ബിജെപിക്ക്. ബോര്‍ഡ്, കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ കിട്ടാതെ വന്നതോടെയാണ് ബിജെഡിഎസ്, ബിജെപിയുമായി ഇടഞ്ഞത്.

പ്രതിഷേധമെന്നവണ്ണം ബിഡിജെഎസ് ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍നിന്ന് പൂര്‍ണ്ണമായും വിട്ടുനില്‍ക്കുകയാണ്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി ചര്‍ച്ച നടത്തിയെങ്കിലും പരിഹാരമായിട്ടില്ല. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തി സ്ഥാനങ്ങള്‍ നേടിയെടുക്കുകയെന്ന ലക്ഷ്യമാണ് ബിഡിജെഎസിന്.