ആലപ്പുഴയില്‍ 13 വീടുകള്‍ തകര്‍ന്നു. കൊല്ലത്ത് തീരദേശ പാത ഇടിഞ്ഞ് താഴ്ന്നു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. 

കൊല്ലം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ശക്തമായ കടലാക്രമണം റിപ്പോർട്ട് ചെയ്തു. കൊല്ലം, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലാണ് ശക്തമായ കടലാക്രമണമുണ്ടായത്. ആലപ്പുഴയില്‍ 13 വീടുകള്‍ തകര്‍ന്നു. കൊല്ലത്ത് തീരദേശ പാത ഇടിഞ്ഞ് താഴ്ന്നു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

പല സ്ഥലങ്ങളിലും ഇന്നലെ വൈകിട്ട് പെയ്ത് തുടങ്ങിയ മഴയ്ക്ക് ഇനിയും ശമനമായിട്ടില്ല. ആലപ്പുഴ പുറക്കാട്ടും തൃക്കുന്നപ്പുഴയിലും ആറാട്ടുപുഴയിലും കടല്‍ കയറിവന്നു. നിരവധി വീടുകളില്‍ വെള്ളംകയറി. റോഡിലേക്ക് വെള്ളംകയറി ഗതാഗതം സ്തംഭിച്ചു. കടലാക്രമണത്തെ തുടർന്ന് പുറക്കാട്ട് ദുരിത്വാശ്വാസ ക്യാമ്പ് തുടങ്ങി

കൊല്ലത്ത് ദേശീയപാതയ്ക്ക് സമാന്തരമായുള്ള തീരദേശ പാത പൂര്‍ണ്ണമായും കടലെടുത്തു. ഇത് വഴിയുള്ള ഗതാഗതം നിരോധിച്ചു.. രണ്ട് വീടുകളും ഇവിടെ തകര്‍ന്നു. കൊറ്റംകുളങ്ങര ഹയര്‍ സെക്കൻഡറി സ്കൂളിലെ ദുരിതാശ്വാസ കേന്ദ്രത്തില്‍ 18 കുടുംബങ്ങളെ മാറ്റി. കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടി ബേപ്പൂർ തീരങ്ങളിലാണ് കടലാക്രമണം. മലപ്പുറം പൊന്നാനിയിലും കടല്‍ കയറി.. ട്രോളിംഗ് നിരോധം അവസാനിക്കുന്ന ഇന്ന് അര്‍ദ്ധരാത്രി മുതല്‍ കടലില്‍ പോകാൻ ഇരുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് കടലാക്രമണം വൻ തിരിച്ചടിയാണുണ്ടാക്കിയത്.