Asianet News MalayalamAsianet News Malayalam

ഗ്രാമവാസിയെ ആക്രമിച്ചതിനെ തുടർന്ന് ഉത്തർപ്രദേശിൽ പെൺകടുവയെ ട്രാക്റ്റർ കൊണ്ട് ഇടിച്ചു കൊന്നു ​​

തങ്ങളിലൊരാളെ ആക്രമിച്ചതിന് പ്രതികാരമെന്ന പോലെയാണ് ​ഗ്രാമവാസികൾ എല്ലാവരും ചേർന്ന് കടുവയെ കൊന്നുകളഞ്ഞതെന്ന് ടൈ​ഗർ റിസർവ്വ് ഡെപ്യൂട്ടി ‍ഡയറക്ടർ മഹാവീർ കൗജില​ഗ് വെളിപ്പെടുത്തുന്നു.

tiger killed at utharpradesh with tractor by locals
Author
Lucknow, First Published Nov 5, 2018, 11:05 AM IST

ലഖ്നൗ: ഉത്തർപ്രദേശിലെ ദുധ്വാ ടൈ​ഗർ റിസർവ്വിൽ പെൺകടുവയെ ട്രാക്റ്റർ ഉപയോ​ഗിച്ച് ഇടിച്ചു കൊന്നു. ​​ഗ്രാമവാസികളിലൊരാളെ പെൺകടുവ കഴിഞ്ഞ ദിവസം ആക്രമിച്ചിരുന്നു. ഇതിനെത്തുടർന്നാണ് ​ഗ്രാമവാസികളെല്ലാം ചേർന്ന് കടുവയെ കൊന്നത്. മഹാരാഷ്ട്രയിൽ നരഭോജി കടുവയെന്ന് അറിയപ്പെട്ടിരുന്ന അവനി എന്ന പെൺകടുവയെ വേട്ടക്കാർ വെടിവച്ച് കൊന്നത് രണ്ട് ദിവസങ്ങൾക്ക് മുമ്പാണ്. പതിമൂന്ന് പേരെയാണ് അവനി ആക്രമിച്ച് കൊന്നതെന്ന് പറയപ്പെടുന്നു. കടുവയെ കൊന്നതിനെതിരെ വന്യമൃ​ഗ സംരക്ഷകർ വൻപ്രതിഷേധവുമായി രം​ഗത്തെത്തിയിട്ടുണ്ട്.

മനുഷ്യർ വനം കയ്യേറി വന്യമൃ​ഗങ്ങളുടെ സ്വാഭാവിക വാസസ്ഥലത്തിന് ഭം​ഗം വരുത്തുന്നത് കൊണ്ടാണ് കടുവകൾ നാട്ടിലിറങ്ങുന്നതെന്നും മനുഷ്യനെ ഉപദ്രവിക്കുന്നതെന്നും വന്യജീവി സംരക്ഷകർ വിശദീകരിക്കുന്നു. തങ്ങളിലൊരാളെ ആക്രമിച്ചതിന് പ്രതികാരമെന്ന പോലെയാണ് ​ഗ്രാമവാസികൾ എല്ലാവരും ചേർന്ന് കടുവയെ കൊന്നുകളഞ്ഞതെന്ന് ടൈ​ഗർ റിസർവ്വ് ഡെപ്യൂട്ടി ‍ഡയറക്ടർ മഹാവീർ കൗജില​ഗ് പറഞ്ഞു. പരിക്കേറ്റ വ്യക്തിയെ ഉടൻ തന്നെ ഹോസ്പിറ്റലിലെത്തിക്കാനുള്ള തിരക്കിലായിരുന്നു ഉദ്യോ​ഗസ്ഥർ. അതേ സമയം ​ഗ്രാമവാസികൾ എല്ലാവരും സംഘം ചേരുകയും കടുവയെ ട്രാക്റ്റർ കൊണ്ട് ചതച്ച് കൊല്ലുകയുമായിരുന്നു.- മഹാവീർ‌ പറയുന്നു.

കടുവയെ കൊന്ന സംഭവത്തിൽ പങ്കാളികളായ എല്ലാവർക്കുമെതിരെ വന്യമൃ​ഗ അവകാശ സംരക്ഷണ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്ന് ടൈ​ഗർ റിസർവ്വ് ഫീൽഡ് ഡയറക്ടർ രമേഷ് കുമാർ പാണ്ഡെ വ്യക്തമാക്കി. സംരക്ഷിത മേഖലയ്ക്കുള്ളിൽ വച്ച് കടുവ ആക്രമിക്കപ്പെട്ടത് ​ഗുരുതരമായ കുറ്റകൃത്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തങ്ങളുടെ സ്വാഭാവിക വാസസ്ഥലം നഷ്ടപ്പെടുമ്പോഴാണ് വന്യമൃ​ഗങ്ങൾ നാട്ടിലിറങ്ങി മനുഷ്യരെയും വളർത്തുമൃ​ഗങ്ങളെയും ആക്രമിക്കുന്നതെന്ന് വേൾഡ് വൈൽഡ്ലൈഫ് ഫണ്ട് വ്യക്തമാക്കുന്നു. വന്യമൃ​ഗങ്ങളുടെ ആവാസ വ്യവസ്ഥ മാനിക്കപ്പെടേണ്ടതാണെന്നും ഇവർ കൂട്ടിച്ചേർക്കുന്നു. 


 

Follow Us:
Download App:
  • android
  • ios