മലേഷ്യ അടക്കം രാജങ്ങളിലെ മഴക്കാടുകളിൽ വലിയ മരങ്ങളിൽ ആണ് സാധാരണ ഇതു കാണാറുള്ളത്

തിരുവനന്തപുരം: കടുവാപൂക്കളുമായി പാലോട് ബോട്ടാണിക് ഗാര്‍ഡന്‍ ഒരുങ്ങി. ഓര്‍ക്കിഡുകളിലെ തന്നെ ഭീമന്‍ പൂക്കള്‍ വിരിയുന്ന ടൈഗര്‍ ഓര്‍ക്കിഡാണ് ബോട്ടാണിക് ഗാര്‍ഡനില്‍ പൂവിട്ടിരിക്കുന്നത്. പേരു പോലെ തന്നെ കടുവയുമായി സാദൃശ്യമുണ്ട് പൂവിനും. നിറത്തിലും പൂവിലെ ഡിസൈനുമെല്ലാം കടുവയെ ഓര്‍മിപ്പിക്കുന്നതാണ്. 

എല്ലാ വര്‍ഷവും പൂക്കാറില്ല ഈ ഓര്‍ക്കിഡ് ഭീമന്‍. ആദ്യം പൂക്കാൻ 8 മുതൽ 10 വർഷം വരെ എടുക്കും. അതു കഴിഞ്ഞാൽ പിന്നെ പൂക്കുന്നത് 2 വർഷം കൂടുമ്പോൾ മാത്രം.ഒരു തണ്ടിൽ 65 പൂക്കൾ വരെ ഉണ്ടാകും. തണ്ടിനു 3 മീറ്ററോളം നീളമാണ് ഉണ്ടാവുക. 

മലേഷ്യ അടക്കം രാജങ്ങളിലെ മഴക്കാടുകളിൽ വലിയ മരങ്ങളിൽ ആണ് സാധാരണ ഇതു കാണുന്നത്.പൂർണ വളർച്ച എത്താത്ത പൂക്കളിൽ നിന്നുണ്ടാകുന്ന സുഗന്ധം ശലഭങ്ങളെ ആകർഷിക്കും. പൂമ്പൊടിയിൽ നിന്നു തൈകളും ഉണ്ടാക്കിയിട്ടുണ്ട് ബൊട്ടാണിക്കൽ ഗാർഡൻ അധികൃതർ.