വാര്‍ത്താഭാരതി കന്നഡ ദിനപ്പത്രത്തിന്റെ പുതിയ ഓഫീസ് കോംപക്‌സ് നിര്‍മ്മാണ ഉദ്ഘാടനത്തിനും സി.പി.എം മതസൗഹാര്‍ദ്ദറാലി ഉദ്ഘാടനത്തിനുമായാണ് മുഖ്യമന്ത്രി പിണറായി വിജയന് നാളെ മംഗളുരിവിലെത്തുന്നത്. പിണറായി വിജയനെ തടയുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള സംഘപരിവാര്‍ സംഘടനകള്‍ നാളെ മംഗളുരുവില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തില്‍ ബി.ജെ.പി-സംഘപരിവാര്‍ പ്രവര്‍ത്തകരെ സി.പി.എം ആക്രമിക്കുന്നുവെന്നാരോപിച്ചാണ് പിണറായി വിജയനെതിരെ സംഘപരിവാര്‍ സംഘടനകള്‍ പ്രതിഷേധം ഉയര്‍ത്തുന്നത്.

കേരള മുഖ്യമന്ത്രിക്ക് എല്ലാ സുരക്ഷിതത്വവും ഏര്‍പെടുത്തിയതായി കര്‍ണ്ണാടക സര്‍ക്കാര്‍ അറിയിച്ചു. മുഖ്യമന്ത്രി സിദ്ദരാമയ്യ തന്നെ നേരിട്ട് ഇക്കാര്യങ്ങള്‍ ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ഭക്ഷ്യ മന്ത്രി യു.ടി.ഖാദര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പത്ത് എസ്.പിമാരും 20 ഡി.വൈ.എസ്.പിമാരുടേയും നേതൃത്വത്തില്‍ മൂവ്വായിരം പൊലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷക്കായി നിയോഗിച്ചിട്ടുള്ളത്.