തിരുവനന്തപുരം, ആര്യനാട്, ഉഴമലയ്ക്കൽ പഞ്ചായത്തുകളിലായി കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 25ൽ അധികം പേരാണ് മത്സ്യം കഴിച്ച് ഭക്ഷ്യ വിഷ ബാധയേറ്റ് ചികിത്സ തേടിയത്.

തിരുവനന്തപുരം: പഴകിയ മത്സ്യം കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ നിരവധിപേർ തലസ്ഥാനത്ത് ചികിത്സ തേടിയിട്ടും ആവശ്യത്തിന് പരിശോധനകൾ നടക്കുന്നില്ലെന്ന് പരാതി. ട്രോളിങ് നിരോധനത്തിന് മുമ്പ് തമിഴ്നാട്ടിലും പരിസരങ്ങളിൽ നിന്നുമായി ചെറിയതോതിലായിരുന്നു മീൻ എത്തിയിരുന്നെങ്കിൽ നിലവിൽ മാർക്കറ്റുകളിലേക്ക് വരവ് മീനുകളുടെ കുത്തൊഴുക്കാണ്. എന്നാൽ പഴകിയ മത്സ്യമാണോ വിപണിയിൽ എന്ന് പരിശോധന പോലും ഇല്ലെന്നാണ് ആക്ഷേപം. തിരുവനന്തപുരം, ആര്യനാട്, ഉഴമലയ്ക്കൽ പഞ്ചായത്തുകളിലായി കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 25ൽ അധികം പേരാണ് മത്സ്യം കഴിച്ച് ഭക്ഷ്യ വിഷ ബാധയേറ്റ് ചികിത്സ തേടിയത്. ഇതിന് പിന്നാലെ ഇക്കഴിഞ്ഞ ദിവസം ഉഴമലയ്ക്കൽ ചാരും മൂട്ടിൽ മത്സ്യം കഴിച്ചതിനെ തുടർന്ന് ഭക്ഷ്യവിഷ ബാധയേറ്റ് ഒരു കുടുംബത്തിലെ അഞ്ച് പേർ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. തുടർച്ചയായി ഭക്ഷ്യവിഷബാധയുണ്ടാകുന്ന സംഭവം പ്രദേശത്ത് ആശങ്ക ഉയർത്തിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ശരീരത്തിൽ കടുത്ത ചൊറിച്ചിൽ, ഛർദ്ദി, വയറിളക്കം, കാലുകളിൽ നീര് എന്നിവ അനുഭവപ്പെട്ടതോടെ ആശുപത്രികളിൽ ചികിത്സ തേടിയവരാണ് അധികവും. മുതിർന്നവർ മെഡിക്കൽ കോളെജ് ആശുപത്രിയിലും കുട്ടികൾ എസ്.എ.ടി ആശുപത്രിയിലും ചികിത്സയിലാണ്. സംഭവത്തിന് പിന്നാലെ ആര്യനാട്-വെള്ളറട, അഞ്ച് തെങ്ങ് മത്സ്യ മാർക്കറ്റിലൂടെ എത്തുന്ന മത്സ്യങ്ങളുടെ ഗുണനിലവാരത്തെ കുറിച്ചുള്ള ആശങ്കകളും ഉയരുകയാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് മത്സ്യം വിതരണം ചെയ്യുന്ന പ്രധാന കേന്ദ്രങ്ങളാണീ മാർക്കറ്റുകളെന്നതിനാൽ ദിവസേന നൂറിലേറെ കണ്ടെയ്നർ ലോറികളിലാണ് മത്സ്യം ഇവിടെ എത്തുന്നത്.

ദിവസങ്ങളുടെ പഴക്കമുള്ള മത്സ്യങ്ങൾ പോലും ഐസും മറ്റ് രാസവസ്തുക്കളും ഉപയോഗിച്ച് പുതുമ ഉള്ളതു പോലെ വിപണിയിൽ എത്തിക്കുന്നതായി വ്യാപക പരാതി ഉയരുന്നുണ്ട്. പുലര്‍ച്ചെ തന്നെയെത്തുന്ന മത്സ്യം ലേലം ചെയ്ത് ചെറു മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ചും വീടു വീടാന്തരം മത്സ്യം എത്തിച്ചാണ് കച്ചവടം. ഈ മത്സ്യങ്ങള്‍ വില്പനയ്ക്ക് ഇരിക്കുന്ന സ്ഥലത്ത് നിന്ന് വാങ്ങുന്ന ഗുണഭോക്താക്കളാണ് ദുരിതമനുഭവിക്കുന്നത് ഏറെയും. കാലപ്പഴക്കംച്ചെന്ന മത്സ്യം ഐസില്‍ സൂക്ഷിച്ച് കെമിക്കലുകള്‍ വിതറിയാണ് ഗുണഭോക്താക്കള്‍ക്ക് എത്തുന്നത്. അത് കൊണ്ട് ഈ മത്സ്യത്തിന്‍റെ കാലപഴക്കത്തെ കുറിച്ച് ആര്‍ക്കും ഒരു ധാരണയുമില്ല.

വിലകുറച്ച് കിട്ടുന്നത് കൊണ്ട് ഗുണഭോക്താക്കള്‍ താല്പര്യത്തോടെ വാങ്ങി പാകം ചെയ്തു കഴിക്കുമ്പോഴാണ് മത്സ്യത്തിന്‍റെ യഥാര്‍ത്ഥ രൂപം പുറത്തുവരുന്നത്. മത്സ്യ മാർക്കറ്റിലേക്ക് എത്തുന്ന മത്സ്യങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനും സംഭരണ-വിതരണ സംവിധാനങ്ങൾ കർശനമായി നിരീക്ഷിക്കുന്നതിനും ഭക്ഷ്യസുരക്ഷാ വകുപ്പ് അടിയന്തര പരിശോധന നടത്തണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം