കേരളത്തെ ഇടിമുഴങ്ങുന്ന പാകിസ്ഥാനെന്ന് വിശേഷിപ്പിച്ച ടൈംസ് നൗ ചാനല്‍ മാപ്പ് പറഞ്ഞു. ഇന്ന് രാവിലെ ചാനലില്‍ മാപ്പപേക്ഷ സംപ്രേഷണം ചെയ്‍തു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് നല്‍കിയ റിപ്പോര്‍ട്ടിലാണ് ചാനല്‍ കേരളത്തെ പാകിസ്ഥാനോട് ഉപമിച്ചത്. അമിത് ഷാപോകുന്നത് ‘ഇടിമുഴങ്ങുന്ന പാകിസ്താനി’ലേക്കാണ് (Heads to thundery Pakistan)എന്നായിരുന്നു ടൈംസ് നൗവിന്‍റെ വിശേഷണം പറയുന്നത്. രാവിലെ 9 മണിക്കുള്ള വാര്‍ത്താ ബുള്ളറ്റിനിലാണ് Heads to thundery Pakistan എന്ന ടാഗ്‌ലൈന്‍ പ്രത്യക്ഷപ്പെട്ടത്.
ഇതേത്തുടര്‍ന്ന് സോഷ്യല്‍ മീഡിയയിലും പുറത്തും ചാനലിനെതിരെ വന്‍ തോതില്‍ പ്രതിഷേധം ഉയര്‍ന്നു. അപ്പോളജൈസ് ടൗംസ് നൗ എന്ന് ഹാഷ് ടാഗുകളും വന്‍ തോതില്‍ പ്രചരിച്ചു. ടൈംസ് കൗ എന്ന ഹാഷ്ടാഗിലും ചാനലിനെതിരെ വന്‍ തോതില്‍ പ്രതിഷേധമുയര്‍ന്നു. ഇതോടെയാണ് ചാനല്‍ മാപ്പ് പറഞ്ഞത്. അശ്രദ്ധ മൂലം സംഭവിച്ചതാണെന്നും ജനങ്ങളുടെ വികാരം വൃണപ്പെടുത്തിയതില്‍ ഖേദിക്കുന്നുവെന്നുമാണ് ചാനലിന്റെ വിശദീകരണം.
ആനന്ദ് നരസിംഹന്‍ എന്ന അവതാരകനാണ് ഈ സമയം വാര്‍ത്ത അവതരിപ്പിച്ചത്. കശാപ്പ് നിരോധിച്ചതിനെ ബീഫ് നിരോധനമായി തെറ്റിദ്ധരിപ്പിച്ചത് കേരളത്തിലെ എല്‍.ഡി.എഫും യു.ഡി.എഫുമാണെന്നും ഇതിന് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി ലഭിച്ചുവെന്നും അവതാരകന്‍ പറഞ്ഞിരുന്നു. അമിത് ഷായുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ആരംഭിച്ച അമിട്ട്ഷാജി, അലവലാതിഷാജി എന്നീ ഹാഷ്ടാഗുകള്‍ സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിംഗ് ആയിരുന്നു. ഇത് പല ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു.
