ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ രാജാവെന്ന നിലയിൽ ടിപ്പു ആദരിക്കപ്പെടേണ്ടവനാണെന്ന് പ്രഖ്യാപിച്ചാണ് സിദ്ധരാമയ്യ സർക്കാർ ടിപ്പു സുൽത്താൻ ജയന്തി ആഘോഷിക്കുന്നത്.. എന്നാൽ സർക്കാരിന്റേത് നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാനുള്ള നീക്കമാണെന്നാണ് ബിജെപിയുടേയും സംഘപരിവാർ സംഘടനകളുടേയും ആരോപണം.. മൈസൂരിലേയും കുടകിലേയും കൊഡവ സമുദായവും വിവിധ സംഘടനകളും ടിപ്പു ജയന്തിക്കെതിരെ രംഗത്തുണ്ട്.

ടിപ്പു ജയന്ത്രി വിരോധ ഹൊരാട്ട സമിതി എന്ന സംഘടന കുടകിൽ ബന്ദ് നടത്തുകയാണ്. കഴിഞ്ഞ വർഷത്തെ ടിപ്പു ജയന്തി ആഘോഷത്തിനിടെയുണ്ടായ മടിക്കേരിയിലുണ്ടായ സംഘർഷത്തിലും വെടിവെപ്പിലും രണ്ട് പേർ മരിച്ചിരുന്നു.. ഈ വർഷം അക്രമസംഭവങ്ങളൊഴിവാക്കാൻ സർക്കാർ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് കർണാടക ആഭ്യന്തരമന്ത്രി ജി പരമേശ്വര ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

അറുപതിനായിരം പൊലീസിന് പുറമെ സംഘർഷ സാധ്യതയുള്ള കുടക്, മൈസൂർ, ചിത്രദുർഗ, ബെലഗാവി, ചികമംഗ്ലൂർ എന്നീ ജില്ലകളിൽ കേന്ദ്രസേനയേയും വിന്യസിച്ചിട്ടുണ്ട്.. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ രണ്ടായിരത്തോളം പേരെ പൊലീസ് കരുതൽ തടങ്കലിലാക്കിയിട്ടുണ്ട്..