ചെന്നൈ: കരുണാനിധിയുടെ മരണത്തെ തുടർന്ന് ഒഴിവ് വന്ന തിരുവാരൂർ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. ഈ മാസം 28നാണ് തെരഞ്ഞെടുപ്പ് നടക്കാനിരുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് നടത്താനുള്ള വിജ്ഞാപനം റദ്ദാക്കുന്നതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ചുമതലയുള്ള ഉദ്യോഗസ്ഥർക്കും ജില്ലാ ഭരണാധികാരിക്കും നിർദേശം നൽകി. ഗജ ചുഴലിക്കാറ്റിനെ തുടർന്നുള്ള പുനരധിവാസ പ്രവർത്തനങ്ങൾ കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്ന് ഭരണ പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു. അതേസമയം ഡിഎംകെയും അമ്മാമക്കള്‍ മുന്നേറ്റ കഴകവും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു.