തിരുവനന്തപുരം: മലപ്പുറത്ത് ടികെ ഹംസക്ക് മുന്‍തൂക്കം നല്‍കുന്ന മൂന്ന് അംഗ സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. നാളെ ചേരുന്ന ജില്ലാ കമ്മിറ്റിക്ക് ശേഷം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും. പികെ കുഞ്ഞാലിക്കുട്ടിക്ക് കെഎം മാണി പിന്തുണ പ്രഖ്യാപിച്ചു. അതിനിടെ പ്രാദേശിക സ്ഥാനാര്‍ത്ഥി മതിയെന്ന തീരുമാനത്തിനെതിരെ ബിജെപിയില്‍ വിമര്‍ശനം ശക്തമാകുന്നു.
മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയെ പിടിക്കാന്‍ ടി കെ ഹംസയെ ഇറക്കണമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ അഭിപ്രായം ഉയര്‍ന്നത്. എന്നാല്‍ അനാരോഗ്യം പറഞ്ഞ് ഹംസ ഇതുവരെ സമ്മതം മൂളിയിട്ടില്ല. ടികെ ഹംസ പിന്മാറിയാല്‍ പട്ടികയിലുള്ള ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡണ്ട് എംബി ഫൈസല്‍, മങ്കടയില്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ടികെ റഷീദലി എന്നിവരെ പരിഗണിക്കും. നാളെ കോടിയേരിയുടെ നേതൃത്വത്തില്‍ ചേരുന്ന ജില്ലാ കമ്മിറ്റി മൂന്നംഗ പട്ടിക ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കും. അതിനിടെ യുഡിഎഫ് വിട്ട് പ്രത്യേക ബ്ലോക്കായി മാറിയ മാണി, കുഞ്ഞാലിക്കുട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചു. പിന്തുണക്കണമെന്ന ലീഗിന്റെ അഭ്യര്‍ത്ഥന കണക്കിലെടുത്താണ് തീരുമാനം.
അതിനിടെ പ്രാദേശിക നേതാവ് മതിയെന്ന ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തില്‍ പാര്‍ട്ടിയില്‍ പ്രതിഷേധം പുകയുന്നു. മലപ്പുറം ജില്ലാ കമ്മിറ്റി നേരത്തെ മുന്നോട്ട് വെച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്റെ പേര് വെട്ടിയാണ് പ്രാദേശിക നേതൃത്വം മതിയെന്ന് കുമ്മനം തീരുമാനിച്ചത്. ജില്ലാ വൈസ് പ്രസിഡണ്ട് ശ്രീപ്രകാശ് സ്ഥാനാര്‍ത്ഥിയാകാനാണ് സാധ്യത. സംസ്ഥാന നേതാവിനെ ഇറക്കി മത്സരം കൊഴുപ്പിക്കാനുള്ള അവസരം കളഞ്ഞുവെന്നാണ് വിമര്‍ശനം.
