Asianet News MalayalamAsianet News Malayalam

പശ്ചിമബംഗാളിൽ തൃണമൂൽ എംഎൽഎ വെടിയേറ്റ് മരിച്ചു; വെടി വച്ചത് ഉത്സവപരിപാടിയ്ക്കിടെ

പശ്ചിമബംഗാളിലെ നദിയ ജില്ലയിലുള്ള കൃഷ്ണഗഞ്ജ് എംഎൽഎയായിരുന്നു സത്യജീത് ബിശ്വാസ്. ബിശ്വാസിന്‍റേത് രാഷ്ട്രീയകൊലപാതകമാണെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. 

tmc mla shot dead in west bengal
Author
Nadia, First Published Feb 9, 2019, 10:11 PM IST

കൊൽക്കത്ത: പശ്ചിമബംഗാളിലെ നദിയ ജില്ലയിൽ തൃണമൂൽ കോൺഗ്രസ് എംഎൽഎ വെടിയേറ്റ് മരിച്ചു. കൃഷ്ണഗഞ്ജ് മണ്ഡലത്തിലെ എംഎൽഎയായ സത്യജീത് ബിശ്വാസാണ് അ‍ജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്. മണ്ഡലത്തിൽ നടന്ന സരസ്വതീപൂജ ഉത്സവത്തിനിടെയുള്ള പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് ബിശ്വാസിന് വെടിയേറ്റത്.

ഉത്സവപരിപാടിയ്ക്കിടെ സംസാരിച്ച് വേദിയിൽ നിന്ന് ഇറങ്ങുന്നതിനിടെയാണ് അക്രമികൾ എംഎൽഎയ്ക്ക് നേരെ വെടിയുതിർത്തത്. പോയന്‍റ് ബ്ലാങ്കിൽ നിന്നായിരുന്നു വെടിയുതിർത്തത്. ഗുരുതരമായി പരിക്കേറ്റ സത്യജീത് ബിശ്വാസിനെ ഉടൻ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

ബംഗ്ലാദേശിന്‍റെ അതിർത്തി പ്രദേശമാണ് നദിയ ജില്ല. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ബിജെപിയുടെ ശക്തികേന്ദ്രമായി മാറിയ നദിയ ജില്ലയിൽ തൃണമൂൽ - ബിജെപി സംഘർഷങ്ങൾ തുടർക്കഥയാണ്. 

കൊലപാതകത്തിന് പിന്നിൽ തൃണമൂൽ വിട്ട മുകുൾ റോയിയും ബിജെപിയുമാണെന്ന് തൃണമൂൽ ജില്ലാ പ്രസിഡന്‍റ് ഗൗരീശങ്കർ ദത്ത ആരോപിച്ചു.

എന്നാൽ ഇത് തൃണമൂലിനെ ഉൾപ്പോരിന്‍റെ ഭാഗമാണെന്നും കൊലയിൽ പങ്കില്ലെന്നുമുള്ള വിശദീകരണവുമായി ബിജെപി സംസ്ഥാനപ്രസിഡന്‍റ് ദിലീപ് ഘോഷ് രംഗത്തെത്തിയിട്ടുണ്ട്. അന്വേഷണം ഊർജിതമാക്കണമെന്നും കൊലപാതകികളെ ഉടൻ പിടികൂടണമെന്നും ദിലീപ് ഘോഷ് ആവശ്യപ്പെട്ടു. പശ്ചിമബംഗാൾ സർക്കാർ നടത്തുന്ന അന്വേഷണത്തിൽ വിശ്വാസമില്ലെന്നും കൊലക്കേസ് അന്വേഷണം സിബിഐയെ ഏൽപിക്കണമെന്നും ദിലീപ് ഘോഷ് ആവശ്യപ്പെട്ടു.

തൃണമൂലിന്‍റെ തീപ്പൊരി യുവനേതാവായിരുന്നു കൊല്ലപ്പെട്ട സത്യജീത് ബിശ്വാസ്. ഈയടുത്താണ് സത്യജീത് വിവാഹിതനായത്.

Follow Us:
Download App:
  • android
  • ios