ചെന്നൈ: എംഎൽഎമാരുടെ ശമ്പളം ഇരട്ടിയാക്കാനുള്ള ബില്ല് തമിഴ്നാട് നിയമസഭ പാസ്സാക്കി. ഇതോടെ എംഎൽഎമാരുടെ ശമ്പളം അമ്പത്തയ്യായിരത്തിൽ നിന്ന് ഒരു ലക്ഷത്തി അയ്യായിരമായി. തമിഴ്‌നാട് എംഎല്‍എ മാരുടെ ശമ്പളം ഇരട്ടിയാക്കുന്ന ബില്‍ നിയമസഭയില്‍ ബുധനാഴ്ചയാണ് അവതരിപ്പിച്ചത്.

എന്നാല്‍ തൊഴിലാളികളുടെ സമരത്തിനിടെ എംഎൽഎമാരുടെ ശമ്പളം വര്‍ദ്ധിപ്പിക്കുന്ന ബില്‍ അവതരിപ്പിക്കുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. തമിഴ്‌നാട്ടില്‍ ട്രാന്‍സ്‌പോര്‍ട്ട് ജീവനക്കാര്‍ നടത്തിവരുന്ന സമരം ഇന്നലെ അവസാനിച്ചിരുന്നു. 

55,000 രൂപയുണ്ടായിരുന്ന എംഎല്‍എമാരുടെ പ്രതിമാസ ശമ്പളമാണ് 1.05 ലക്ഷമായി ഉയര്‍ത്തിയത്. മുന്‍ എംഎല്‍എമാരുടെ പെന്‍ഷന്‍ തുക 12,000 രൂപയായിരുന്നത് 20,000 ആയും വര്‍ധിപ്പിക്കും. എംഎല്‍എമാരുടെ മണ്ഡല വികസനത്തിനായി നല്‍കി വരുന്ന തുക രണ്ടു കോടിയില്‍ നിന്ന് 2.5 കോടി ആയി ഉയര്‍ത്താനും നിര്‍ദ്ദേശമുണ്ട്. ഫോണ്‍ വാഹന അലവന്‍സ് തുടങ്ങിയവയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.