ചെന്നൈയിലെ ഐസ് ഹൗസ് പൊലീസ് സ്റ്റേഷനാണ് സമരക്കാര്‍ തീയിട്ടത്. ജല്ലിക്കട്ട് സമരക്കാര്‍ക്കും പൊലീസുകാ‍ര്‍ക്കും പരിക്കേറ്റു. സ്റ്റേഷന് മുന്നില്‍ പാര്‍ക്ക് ചെയ്‌തിരുന്ന വാഹനങ്ങളും സമരക്കാര്‍ കത്തിച്ചു. സ്ഥിതിഗതികള്‍ ആശങ്കാജനകമായതോടെ തമിഴ്നാട് നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്നു വൈകിട്ട് ചേരും. ജല്ലിക്കെട്ട് ബില്‍ പാസാക്കുകയാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ ലക്ഷ്യം.

ചെന്നൈയില്‍ പല സ്ഥലങ്ങളിലും പൊലീസും സമരക്കാരും ഏറ്റുമുട്ടി. മധുരയിലും സംഘര്‍ഷമുണ്ടായി. നേരത്തെ അളങ്കാനല്ലൂരില്‍ സമരം സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. ചെന്നൈ ട്രിപ്ലിക്കനിലെ ഭാരതിശാലയില്‍ പൊലീസിന് നേരെ കല്ലേറുണ്ടായി. രാവിലെ ചെന്നൈ മറീന ബീച്ചില്‍ നിന്ന് ജല്ലിക്കട്ട് സമരക്കാരെ പൊലീസ് ഒഴിപ്പിച്ചതോടെയാണ് സമരം സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. ഒഴിഞ്ഞ് പോകാന്‍ തയ്യാറാകാതെ പ്രക്ഷോഭകര്‍ സംഘടിച്ചതോടെ പൊലീസ് ലാത്തി വീശി. തീരത്തിനടുത്ത് കൈകോര്‍ത്ത് സമരക്കാര്‍ പ്രതിരോധിച്ചു. ദിണ്ടിഗല്ലിലും കൃഷ്ണഗിരിയിലും സമരക്കാരെ പൊലീസ് ഒഴിപ്പിച്ചു. പകുതിയോളം സമരക്കാരെ ഒഴിപ്പിച്ചെന്ന് പൊലീസ് പിന്നീട് അവകാശപ്പെട്ടു. ചെന്നൈ നഗരത്തില്‍ സമരക്കാര്‍ റോഡ് ഉപരോധിച്ചു. സംഘര്‍ഷ സാധ്യതയുള്ള മേഖലകളില്‍ വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.

പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു

ജല്ലിക്കെട്ട് സമരം വ്യാപകമായ സാഹചര്യത്തില്‍ തമിഴ്‌നാട് നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചിട്ടുണ്ട്. ജല്ലിക്കെട്ട് ബില്‍ പാസാക്കുന്നതിനാണ് നിയമസഭാ സമ്മേളനം ചേരുന്നത്. വൈകിട്ട് അഞ്ചുമണിക്കാണ് പ്രത്യേക നിയമസഭാ സമ്മേളനം.