സേലം: വീട്ടമ്മയുടെ റേഷന്‍ കാര്‍ഡില്‍ നടി കാജല്‍ അഗര്‍വാളിന്റെ ചിത്രം. പുതുക്കിയ റേഷന്‍ കാര്‍ഡില്‍ തനിക്കു പകരം നടിയെ കണ്ട് അമ്പരന്നിരിക്കുകയാണ് സരോജ എന്ന വീട്ടമ്മ. റേഷന്‍ കാര്‍ഡ് ലഭിച്ചപ്പോള്‍ ആദ്യം മാറിപ്പോയതാണെന്നാണ് സരോജ കരുതിയത്. കാരണം സരോജയ്ക്ക് കാജലിനെ വലിയ പരിചയമൊന്നുമില്ല. പക്ഷെ വിശദമായി നോക്കിയപ്പോഴാണ് പേരും മേല്‍വിലാസവുമെല്ലാം തന്റേതാണെന്ന് തിരിച്ചറിയുന്നത്.

തമിഴ്നാട് സര്‍ക്കാര്‍ ഈയിടെ വിതരണം ചെയ്ത പിഡിഎസ് കാര്‍ഡിലാണ് സരോജയ്ക്ക് പകരം കാജല്‍ വന്നത്. റേഷന്‍ കാര്‍ഡ് തയ്യാറാക്കാനായി ഏല്‍പ്പിച്ച കമ്പനിക്ക് പറ്റിയ ഒരു പിഴവാണെന്നും ഉടനെ തിരുത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഇതിന്റെ പേരില്‍ സരോജയ്ക്ക് ഒരു ബുദ്ധിമുട്ടും നേരിടേണ്ടി വരില്ലെന്ന് അവര്‍ പറഞ്ഞു.