ഗംഗയുടെ ശുദ്ധീകരണത്തിനായി അധികാരത്തിലെത്തിയതിന് ശേഷം 7000 കോടിക്ക് മേലെയാണ് കേന്ദ്ര സര്‍ക്കാര്‍ ചെലവിട്ടത്. എന്നാല്‍, ഇതിനൊന്നും പുണ്യ നദിയായി കണക്കാക്കപ്പെടുന്ന ഗംഗയെ രക്ഷിക്കാനായിട്ടില്ലെന്നുള്ളതാണ് സത്യം

ദില്ലി: കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം ഏറെ കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച പദ്ധതികളില്‍ ഒന്നായിരുന്നു ഗംഗ നദിയുടെ ശുദ്ധീകരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതിയായി ഇത് പല ഘട്ടങ്ങളില്‍ വാര്‍ത്താ പ്രധാന്യം നേടുകയും ചെയ്തിരുന്നു.

ഗംഗയുടെ ശുദ്ധീകരണത്തിനായി അധികാരത്തിലെത്തിയതിന് ശേഷം 7000 കോടിക്ക് മേലെയാണ് കേന്ദ്ര സര്‍ക്കാര്‍ ചെലവിട്ടത്. എന്നാല്‍, ഇതിനൊന്നും പുണ്യ നദിയായി കണക്കാക്കപ്പെടുന്ന ഗംഗയെ രക്ഷിക്കാനായിട്ടില്ലെന്നുള്ളതാണ് സത്യം. ഗംഗയുടെ ഉത്തര്‍പ്രദേശിലും ബംഗാളിലുമുള്ള ഭൂരിഭാഗം ഭാഗങ്ങളില്‍ നിന്നുള്ള വെള്ളം കുടിക്കാനും കുളിക്കാനും ഉപയോഗിക്കരുതെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിര്‍ദേശിച്ചിരുന്നു.

ഇതിന് പിന്നാലെ മോദി സര്‍ക്കാരിനെ പരിഹസിച്ച് എത്തിയിരിക്കുകയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിംഗ്‍വി. ഇന്നലെ വാരാണാസിയിലെ ജനങ്ങളെ ഗംഗ ശുചിയാക്കാമെന്ന് പറഞ്ഞ് മോദി വഞ്ചിച്ചെന്ന് സിംഗ്‍വി പറഞ്ഞിരുന്നു. അതിന് ശേഷം ഇന്നും ബിജെപിക്കെതിരെ അദ്ദേഹം വീണ്ടും രംഗത്തെത്തി.

എല്ലാ രോഗങ്ങളും ഭേദമാകുന്നതിന് അക്ബര്‍ ഗംഗയിലെ വെള്ളം മാത്രമാണ് കുടിച്ചിരുന്നതെന്ന് ചരിത്രം പറയുന്നുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ അക്ബറിനെ കാണണമെങ്കില്‍ ഗംഗയിലെ വെള്ളം കുടിച്ചാല്‍ മതിയാകുമെന്നാണ് സിംഗ്‍വി ട്വീറ്റ് ചെയ്തത്. നേരത്തെ, ഹരിദ്വാര്‍ മുതല്‍ ഉന്നാവോ വരെയുള്ള നദിയുടെ ഭാഗങ്ങളിലെ വെള്ളം കുടിക്കാനും കുളിക്കാനും ഉപയോഗിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുമെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ നിരീക്ഷിച്ചിരുന്നു. 

Scroll to load tweet…