2015 ല്‍ പ്രധാനമന്ത്രി നല്‍കിയ വാഗ്ദാനം പാലിച്ചില്ല മോദിയെ കാണാന്‍ കിലോമീറ്ററുകള്‍ താണ്ടി യുവാവ്

ആഗ്ര:വര്‍ഷങ്ങള്‍ക്ക് മുമ്പ് നരേന്ദ്ര മോദി നല്‍കിയ വാഗ്ദാനം പാലിക്കണമെന്ന് ആവശ്യപ്പെട്ട് മുപ്പതുകാരന്‍ മുക്തികാന്ത് ബിസ്വാള്‍ കാല്‍നടയായി താണ്ടിയത് 1350 കിലോമീറ്റര്‍. ഒഡിഷയിലെ റൂറര്‍ക്കലയിലെ ഇസ്പത് ജനറല്‍ ആശുപത്രിയില്‍ വേണ്ട സൗകര്യങ്ങളൊരുക്കുമെന്നായിരുന്നു മോദിയുടെ വാഗ്ദാനം. എന്നാലാ വാഗ്ദാനം യാഥാര്‍ത്ഥ്യമായില്ല. ആവശ്യത്തിന് വേണ്ട മെഡിക്കല്‍ സൗകര്യങ്ങളില്ലാത്തിനെ തുടര്‍ന്ന് ദിവസവും തന്‍റെ ഗ്രാമത്തില്‍ ആള്‍ക്കാര്‍ മരിച്ചുവീഴുകയാണെന്ന് മുക്തികാന്ത് ബിസ്വാള്‍ പറയുന്നു.

ഇതാണ് ദില്ലിയിലേക്ക് കാല്‍നടയായി യാത്ര ചെയ്ത് മോദിയെ പഴയ വാഗ്ദാനം ഓര്‍മ്മിപ്പിക്കാന്‍ ബിസ്വാളിനെ പ്രേരിപ്പിച്ചത്. ഏപ്രിലിലാണ് ബിസ്വാള്‍ യാത്ര ആരംഭിച്ചത്. ആവശ്യം വേണ്ട സാധനങ്ങളുമായി യാത്ര തുടങ്ങിയ ബിസ്വാള്‍1350 കിലോമീറ്റര്‍ താണ്ടി കുഴഞ്ഞുവീഴുകയായിരുന്നു. എന്നാല്‍ താന്‍ ആരോഗ്യം വീണ്ടെടുക്കുമ്പോള്‍ പ്രധാനമന്ത്രിയെ കാണുന്നത് വരെ തന്‍റെ യാത്ര തുടരുമെന്ന് ഈ ചെറുപ്പക്കാരന്‍ പറഞ്ഞു.

2015ല്‍ മോദി വാഗ്ദാനം ചെയ്ത എല്ലാ സൗകര്യങ്ങളുമള്ള ആശുപത്രിക്കായി ഗ്രാമവാസികള്‍ കാത്തിരിക്കുകയാണ്. വാഗാദാനം ചെയ്ത പോലെ റൂര്‍ക്കലയിലെ ബ്രഹ്മണി പാലവും ഇസ്പത് ജനറല്‍ ആശുപത്രിയെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയായി ഉയര്‍ത്തുകയും ചെയ്യണമെന്ന് മോദിയോട് ആവശ്യപ്പെടുകയും ചെയ്യുമെന്ന് ബിസ്വാള്‍ എഎന്‍ഐയോട് പറഞ്ഞു.