തിങ്കള്‍ മുതല്‍ ശനി വരെ എല്ലാ ദിവസവും രാവിലെ 10 മുതല്‍ വൈകിട്ട് 6 മണി വരെ ക്ലിനിക്ക് പൊതുജനങ്ങള്‍ക്കും കാന്‍സര്‍ രോഗികള്‍ക്കുമായി ക്ലിനിക്ക് തുറന്ന് പ്രവര്‍ത്തിക്കും. 

കോഴിക്കോട്: പുകയില ഉത്പന്നങ്ങളുടെ ഉപയോഗത്തില്‍ നിന്നും മുക്തി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വിദഗ്ധസഹായം ലഭ്യമാക്കാന്‍ ക്ലിനിക്ക് തുടങ്ങി. എംവിആര്‍ കാന്‍സര്‍ സെന്ററിലാണ് ക്ലിനിക് പ്രവര്‍ത്തനം ആരംഭിച്ചത്. തിങ്കള്‍ മുതല്‍ ശനി വരെ എല്ലാ ദിവസവും രാവിലെ 10 മുതല്‍ വൈകിട്ട് 6 മണി വരെ ക്ലിനിക്ക് പൊതുജനങ്ങള്‍ക്കും കാന്‍സര്‍ രോഗികള്‍ക്കുമായി ക്ലിനിക്ക് തുറന്ന് പ്രവര്‍ത്തിക്കും. 

ഇന്ത്യയിലിന്ന് കാന്‍സര്‍ രോഗകാരണങ്ങളില്‍ മുഖ്യമായ ഒന്ന് പുകയില ഉപയോഗമാണെന്നാണ് പഠനങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. 40 ശതമാനം കാന്‍സര്‍ രോഗികളാണ് പുകയില ഉപയോഗം മൂലം രോഗം വന്നവരായുള്ളത്. പൊതുസമൂഹത്തില്‍ 60 ശതമാനം പേര്‍ പുകയില ഉപയോഗത്തില്‍ നിന്ന് മുക്തി നേടാന്‍ ആഗ്രഹിക്കുന്നവരായുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. 

വിദഗ്ധ സഹായം ലഭ്യമായാല്‍ നിരവധിയാളുകള്‍ക്ക് പുകയില ഉപയോഗം നിര്‍ത്താന്‍ കഴിയുമെന്നത് പരിഗണിച്ചാണ് എംവിആര്‍ കാന്‍സര്‍ സെന്റര്‍ ഇത്തരത്തിലൊരു ക്ലിനിക്കിന് തുടക്കം കുറിച്ചത്. മെഡിക്കല്‍ ഡയറക്റ്റര്‍ ഡോ. ഇ. നാരായണന്‍കുട്ടി വാര്യര്‍ പുകയില ഉപയോഗ വിമുക്ത കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.