ഹൈവേകളിലെ കള്ളുഷാപ്പുകൾ ഉപാധികളോടെ തുറക്കാമെന്ന് സുപ്രീം കോടതി പഞ്ചായത്തുകളിലെ നഗരമേഖലകളിൽ മദ്യശാലകൾക്ക് ഇളവ് നല്കാമെന്ന വിധിയാണ് കള്ളുഷാപ്പുകൾക്ക് ബാധകമാവുക

ദില്ലി: ദേശീയപാതയോരത്തെ കള്ളുഷാപ്പുകൾ ഉപാധികളോടെ തുറക്കാമെന്ന് സുപ്രീംകോടതി. പഞ്ചായത്തുകളിലെ നഗരമേഖലകളിൽ മദ്യശാല നിരോധനത്തിന് നൽകിയ ഇളവിൽ കള്ളുഷാപ്പുകളും ഉൾപ്പെടുമെന്ന് കോടതി വ്യക്തമാക്കി. ദേശീയ സംസ്ഥാന പാതയോരത്ത് മദ്യശാലകൾക്ക് ഏര്‍പ്പെടുത്തിയ നിരോധനത്തിൽ നേരത്തെ സുപ്രീംകോടതി ഇളവ് നൽകിയിരുന്നു. ഇതിൽ കള്ളുഷാപ്പുകളെ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജയിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്. 

മുനിസിപ്പാലിറ്റികൾക്കൊപ്പം പഞ്ചായത്തുകളിലെ നഗരമേഖലകളിൽ മദ്യശാലകൾക്ക് നൽകിയ ഇളവ് കള്ളുഷാപ്പുകൾക്കും ബാധകമാണെന്ന് കോടതി വ്യക്തമാക്കി. പാതയോരത്തെ 500 മീറ്റര്‍ പരിധിയിൽ മദ്യശാലകൾ പാടില്ലെന്ന വിധി വന്നതോടെ 620 കള്ളുഷാപ്പുകളാണ് അടച്ചുപൂട്ടേണ്ടിവന്നത്. ഇതിൽ പഞ്ചായത്തുകളിലെ നഗരപരിധിയിൽ വരുന്ന കള്ളുഷാപ്പുകൾ ഏതൊക്കെയെന്ന് സംസ്ഥാന സര്‍ക്കാരിന് തീരുമാനിച്ച് തുറക്കാമെന്ന് കോടതി പറഞ്ഞു. ഇതോടെ ഇപ്പോൾ പൂട്ടിക്കിടക്കുന്ന അഞ്ചൂറോളം ഷാപ്പുകൾ തുറക്കാനാകും. 

കേസിൽ കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരൻ കക്ഷി ചേര്‍ന്നത് രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണെന്ന് ചെത്തുതൊഴിലാളി സംഘടന കോടതിയിൽ ആരോപിച്ചു. സുപ്രീംകോടതിയുടെ ചിലവിൽ രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ വി.എം.സുധീരനെ അനുവദിക്കരുത്. പ്രശസ്തിക്ക് വേണ്ടിയാണെങ്കിൽ പാവങ്ങൾക്കിടയിൽ ഇറങ്ങി പ്രവര്‍ത്തിക്കാൻ കോണ്‍ഗ്രസ് നേതാവിനോട് നിര്‍ദ്ദേശിക്കണമെന്നും തൊഴിലാളികളുടെ സംഘടനക്ക് വേണ്ടി അഭിഭാഷകനായ വി.കെ.ബിജു ആവശ്യപ്പെട്ടു.