ലക്നൗ: ഹജ്ജ് ഹൗസിനും പൊലീസ് സ്റ്റേഷനും പിന്നാലെ ഉത്തര്‍പ്രദേശിലെ ഒരു ഗ്രാമത്തിലെ ശൗചാലയങ്ങള്‍ക്കും കാവി നിറം. മുന്‍മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ ജില്ലയായ ഇറ്റാവയിലാണ് സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ശൗചാലയങ്ങള്‍ക്ക് കാവി നിറം നല്‍കിയിരിക്കുന്നത്. കാവി നിറം നല്‍കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിട്ടില്ലെന്നും എന്നാല്‍ എല്ലാവരും ഈ നിറം നല്‍കണമെന്നുമാണ് സംഭവത്തോട് ഗ്രാമമുഖ്യന്‍ പ്രതികരിച്ചത്.

സ്വഛ് ഭാരത് പദ്ധതിയുടം ഭാഗമായി നിര്‍മ്മിച്ച 350 ശൗചാലയങ്ങളില്‍ 100 എണ്ണത്തിനാണ് കാവി നിറം നല്‍കിയിരിക്കുന്നത്. ബാക്കിയുള്ളവയ്ക്കും ഉടന്‍ കാവി പൂശുമെന്നും അധികൃതര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രിയപ്പെട്ട നിറം കാവിയാണ്. അതുകൊണ്ടുതന്നെ കാവി നിറത്തോടുള്ള പ്രതിബദ്ധത തെളിയിക്കാന്‍ കൂടുതല്‍ പദ്ധതികള്‍ കൊണ്ടുവരുമെന്നും ഗ്രാമമുഖ്യന്‍ വ്യക്തമാക്കി. 

ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സര്‍ക്കാര്‍ ബസ്സുകള്‍, സ്‌കൂള്‍ ബാഗുകള്‍, സര്‍ക്കാര്‍ ലഘുലേഖകള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥ രുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ എന്നിവയൊക്കെ കാവിനിറത്തിലാക്കിയിരുന്നു. അതിന് പിന്നാലെ കാവി നിറം ലക്‌നൗവിലെ ഹജ്ജ് ആസ്ഥാനത്തേക്കും എത്തിയിരുന്നു. വെള്ളനിറത്തിലുള്ള കെട്ടിടത്തിന്റെ ചുവരും മതിലും കാവി നിറമടിച്ച് മാറ്റി. 

ഉത്തര്‍പ്രദേശില്‍ നിന്ന് ഹജ്ജിന് പോകുന്ന തീര്‍ത്ഥാടകര്‍ ഓരോ വര്‍ഷവും അവരുടെ യാത്ര ലക്‌നൗവിലെ ഹജ്ജ് ഹൗസില്‍ നിന്നാണ് തുടങ്ങാറ്. മുസ്‌ലിം സമുദായത്തിന്റെ വിശ്വാസത്തിന്റെ കൂടി ഭാഗമായ കെട്ടിടത്തിന്റെ നിറമാണ് യോഗി സര്‍ക്കാര്‍ കാവിയാക്കി മാറ്റിയത്. ഇക്കഴിഞ്ഞ ഒക്ടബോറില്‍, സംസ്ഥാനത്തെ ഭരണ സിരാകേന്ദ്രത്തിന്റെ മുഖ്യകാര്യാലയത്തിനും കാവി നിറം നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസായ ലാല്‍ ബഹദൂര്‍ ശാസ്ത്രിഭവനിലും സെക്രട്ടറിയേറ്റിലുമാണ് കാവി പൂശിയത്.