ദില്ലി: ഒന്നര വര്‍ഷത്തിലേറെ നീണ്ട യാതനകള്‍ക്കൊടുവില്‍ ഐഎസ് ഭീകരരുടെ തടവില്‍ നിന്ന് മോചിതനായി ഇന്ത്യയില്‍ തിരിച്ചെത്തിയ ഫാദര്‍ ടോം ഉഴുന്നാലില്‍ തടവില്‍ കഴിഞ്ഞ സമയത്തെ അനുഭവങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പങ്കുവെച്ചു.

ഫാ. ടോം ഉഴുന്നാലിനെ തട്ടിക്കൊണ്ട് പോയതും തടവില്‍ പാര്‍പ്പിച്ചതുമൊക്കെ ദേശീയതലത്തില്‍ വലിയ വാര്‍ത്തയായിരുന്നു. തടവില്‍ കഴിഞ്ഞ സമയത്ത് ഇക്കാര്യങ്ങള്‍ അറിയുന്നുണ്ടായിരുന്നോ ?

വാര്‍ത്തയായിട്ട് ഒന്നും അറിഞ്ഞിരുന്നില്ല. പക്ഷേ ദൈവം ശക്തി തന്നിരുന്നു. എല്ലാവരുടെയും പ്രാര്‍ത്ഥനയുടേയും അനുഗ്രഹത്തിന്‍റെയും ഫലമാണിതെന്ന് മനസിലാക്കുന്നു. എനിക്കു വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാ മത വിശ്വാസികളോടും നന്ദിയുണ്ട്. ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലിം വിശ്വാസികള്‍ എനിക്കു വേണ്ടി പ്രാര്‍ത്ഥിച്ചതായി മോചിതനായ ശേഷം സഹോദരങ്ങളെ വിളിച്ചപ്പോള്‍ പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ ഭാരതവും മറ്റ് രാജ്യങ്ങളും എങ്ങനെയാണ് പ്രവര്‍ത്തിച്ചതെന്നറിയില്ല. സര്‍വ്വ ശക്തന് നന്ദി. ദൈവം പ്രാര്‍ത്ഥന കേള്‍ക്കുന്നുണ്ടെന്ന് ബോധ്യപ്പെട്ടു.

മോചിപ്പിക്കപ്പെട്ട് ആദ്യമെത്തിയത് ഒമാനിലാണ്. പിന്നീട് വത്തിക്കാനിലും. ഏത് രീതിയിലാണ് മോചനം സാധ്യമായത്. ആരിടപെട്ടെന്നാണ് മനസിലാക്കാന്‍ സാധിച്ചത് ?

ആരാണെന്ന് പറയാന്‍ സാധിക്കില്ല. ഓരോരുത്തരും അവരവരുടെ രീതിയില്‍ പ്രവര്‍ത്തിച്ചു. കൂട്ടായ പ്രവര്‍ത്തനത്തിന്‍റെ ഫലമായാണ് മോചനം ലഭിച്ചത്. ദൈവകൃപയുണ്ടായിരുന്നു. അവര്‍ക്ക് എന്നെ ദ്രോഹിക്കാമായിരുന്നു. ദ്രോഹിച്ചില്ല.

ഉപദ്രവിച്ചില്ലേ ?

ഇല്ല.

പണത്തിനു വേണ്ടിയാണ് തട്ടിക്കൊണ്ടു പോയതെന്ന് മനസിലാക്കിയിരുന്നോ ?

പറയാന്‍ പറ്റില്ല. അറിയില്ല.

അവര്‍ മോചനദ്രവ്യം ആവശ്യപ്പെട്ടുകൊണ്ടിരുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു ?

ഞാന്‍ അതൊന്നും അറിഞ്ഞില്ല.

എപ്പോഴെങ്കിലും രക്ഷപെടാന്‍ സാഹചര്യമുണ്ടായിരുന്നോ. രക്ഷപെടാന്‍ അവര്‍ ആവശ്യപ്പെട്ടിരുന്നോ ?

എങ്ങനെയാണ് രക്ഷപെടുക. അതേപ്പറ്റി ഒരു ചിന്ത എനിക്ക് ഉണ്ടായിരുന്നില്ല. എവിടേക്ക് ഓടിപ്പോകും. ഞാന്‍ എന്നെത്തന്നെ യേശുനാഥന്‍ സമര്‍പ്പിച്ചു. ദൈവം അറിയാതെ ഒന്നും സംഭവിക്കില്ല.

പിടിച്ചു കൊണ്ടുപോയവര്‍ രക്ഷപെടാന്‍ ആവശ്യപ്പെട്ടിരുന്നില്ലേ ?

രക്ഷപെടാന്‍ അവര്‍ ആവശ്യപ്പെടുന്നതെങ്ങനെയാണ്. അങ്ങനൊരു സാഹചര്യമുണ്ടായിരുന്നോ എന്നെനിക്കറിയില്ല.

തടവിലായിരുന്ന സമയത്ത് എവിടെയായിരുന്നു ഉണ്ടായിരുന്നത്. എത്ര സ്ഥലങ്ങളില്‍ മാറ്റിപ്പാര്‍പ്പിച്ചു ?

മൂന്ന് നാല് സ്ഥലത്തേക്ക് മാറ്റിയിരുന്നു. അത്ര മാത്രേ എനിക്കറിയൂ.

ആരെയെങ്കിലും കാണാന്‍ സമ്മതിച്ചിരുന്നോ. പുറത്തു നിന്ന് ആരെയൊക്കെ കണ്ടു ?

പുറത്തു നിന്നാരേം കണ്ടില്ല. മറ്റ് വ്യക്തികള്‍ വന്നില്ല. ഓരോ സ്ഥലത്തേക്ക് മാറ്റുമ്പോഴും കണ്ണ് മൂടിയിരുന്നു. വേറൊന്നും അറിയില്ല.

തടവില്‍ കഴിഞ്ഞ സമയത്ത് എന്തെങ്കിലും അസുഖം വന്നിരുന്നോ ? എങ്ങനെയാണ് നേരിട്ടത് ?

സാധാരണ വര്‍ഷത്തില്‍ മൂന്നാലു പ്രാവശ്യം ജലദോഷം വരുന്നതാണ്. ഈ 18 മാസത്തില്‍ (അങ്ങനെയാണ് പത്രങ്ങളില്‍ നിന്നറഞ്ഞത്) ഒരിക്കല്‍ പനി വന്നു. ഞാന്‍ അവരോട് ആംഗ്യ ഭാഷയില്‍ പറഞ്ഞു. അപ്പോള്‍ ഗുളിക തന്നു. അസുഖം മാറി.

ഫാദറിന്റെ ചില വീ‍ഡിയോകള്‍ പുറത്തു വന്നിരുന്നു. അവര്‍ നിര്‍ബന്ധിച്ച് പറയിപ്പിച്ചിരുന്നോ വീഡിയോയില്‍ ഉള്ളത്?

അവര്‍ ഇന്നത് പറയണം എന്ന് പറയും. ആ സമയത്ത് ഞാന്‍ ഉപയോഗിച്ച പദങ്ങള്‍ ഏതാണെന്ന് ഓര്‍മയില്ല. അവര്‍ പറഞ്ഞ് തന്നത് പറഞ്ഞു. രാഷ്‌ട്രപതിയെയും പ്രധനമന്ത്രിയെയും ശരിയായി സംബോധന ചെയ്യാനായില്ല. ഇതില്‍ മാപ്പ് ചോദിക്കുന്നു.

വത്തിക്കാന്‍റെ ഭാഗത്ത് നിന്ന ശക്തമായ ഇടപെടലുണ്ടായെന്ന് കരുതുന്നുണ്ടോ. ഇതിനെക്കുറിച്ചറിഞ്ഞിരുന്നോ ?

ഇതേക്കുറിച്ചറിയില്ല.

ഒമാനിലെത്തിയ അനുഭവം എങ്ങനെയാണ് ?

യാത്ര ആരംഭിച്ചതെവിടെ നിന്നാണെന്നറിയില്ല. 12-ാം തീയതി ആണെന്ന് തോന്നുന്നു. അവിടെയത്തിയപ്പോള്‍ വെല്‍കം ടു ഒമാന്‍ എന്ന് കേട്ടു. അപ്പോഴാണ് മോചിപ്പിക്കപ്പെട്ടെന്ന് മനസിലായത്.

മോചനത്തിന് ഇന്ത്യന്‍ സര്‍ക്കാരിന്‍റെ ഇടപെടല്‍ ഉണ്ടായിരുന്നില്ലേ ?

തീര്‍ച്ചയായും പലരുടേയും കൂട്ടായ പ്രവര്‍ത്തനം ദൈവം ഉപയോഗിക്കുകയായിരുന്നു. അതുകൊണ്ടാണ് ഇപ്പോള്‍ ഇവിടിരിക്കുന്നത്. എല്ലാവരുടെയും പ്രാര്‍ത്ഥനയ്‌ക്കും ത്യാഗങ്ങള്‍ക്കും നന്ദി. ഇതു കൊണ്ടാണ് കേടുപാടില്ലാതെ എത്തിയത്. സര്‍വശക്തന് നന്ദി.