ദില്ലി: ഐസിസ് ഭീകരരില്‍ നിന്ന് മോചിതനായ ഫാദര്‍ ടോം ഉഴുന്നാലില്‍ ഈ മാസം 28ന് ഇന്ത്യയിലെത്തും. ദില്ലിയില്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയേക്കും. ബെംഗളൂരുവിലെ സെ ലേഷന്‍ സഭാ ആസ്ഥാനത്ത് പ്രത്യേക പ്രാര്‍ത്ഥനാ യോഗങ്ങളിലും ഫാ. ടോം പങ്കെടുക്കും. ഒന്നര വര്‍ഷം നീണ്ട തടവില്‍ നിന്ന് മോചിതനായ ഫാ ടോം ഉഴുന്നാലില്‍ റോമിലെ സെലേഷ്യന്‍ സഭാ കേന്ദ്രത്തില്‍ ചികിത്സയിലാണ് ഇപ്പോള്‍.

ഒരാഴ്ച കൂടി അവിടെ വിശ്രമം തുടരും .28 നാണ് ഇന്ത്യയിലെത്തുക. ദില്ലിയില്‍ പ്രധാനപ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി നന്ദി അറിയിക്കും. വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അന്ന് ദില്ലിയില്ല. പകരം സഹമന്ത്രിമാരെ ഫാ. ടോം കാണും. സിബിസിഐ സെക്രട്ടറിയുമായും കൂടിക്കാഴ്ച നടത്തുന്ന അദ്ദേഹം 29ന് ബെംഗളൂരുവിലെത്തും. 

ബെംഗളൂരുവിലെ സെലേഷ്യന്‍ സഭാ ആസ്ഥാനത്ത് സ്വീകരണ പരിപാടിയും സര്‍വമത പ്രാര്‍ത്ഥനയും നടക്കും. തന്റെ അനുഭവങ്ങള്‍ ഫാ. ടോം പങ്കുവെക്കും. അന്നേ ദിവസം നടക്കുന്ന ബിഷപ്‌സ് കൗണ്‍സില്‍ യോഗത്തിനിടെ ബിഷപ്പുമാരെയും ഫാ. ടോം കാണുന്നുണ്ട്. 30ന് ബെംഗളൂരുവില്‍ കഴിയുന്ന അദ്ദേഹം ഒക്ടോബര്‍ 1ന് എറണാകുളത്തെത്തും. ജന്മസ്ഥലമായ കോട്ടയം രാമപുരത്ത് അദ്ദേഹത്തിന് സ്വീകരണം നല്‍കും. തിരുവനന്തപുരത്തെത്തുന്ന ഫാ. ടോം മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും കണ്ട് നന്ദി അറിയിക്കും.