തിരുവനന്തപുരം: എഡിജിപി ടോമിന്‍ ജെ.തച്ചങ്കരിക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ് അട്ടിമറിക്കാന്‍ നീക്കം. കേസില്‍ തുടരന്വേഷണം വേണമെന്ന തച്ചങ്കരിയുടെ ആവശ്യത്തില്‍ അനുകൂല നിലപാട് എടുക്കാനാണ് വിജിലന്‍സ് ഒരുങ്ങുന്നത്. തുടരന്വേഷണം വഴി മൂവാറ്റുപ്പുഴ വിജിലന്‍സ് കോടതിയിലെ വിചാരണക്ക് തടയിടാനാണ് ശ്രമം.

എഡിജിപി ടോമിന്‍ തച്ചങ്കരി 65 ലക്ഷംരൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. 2003 ജനുവരി ഒന്നു മുതല്‍ 2007 ജൂലൈ നാലുവരെയുള്ള കാലഘട്ടത്തിലാണ് വരവില്‍ കവിഞ്ഞ സ്വത്തു സമ്പാദനം. 2007ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ വിശദമായ അന്വേഷണം നടത്തി 2013ല്‍ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു. 

കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെയും കേന്ദ്രവിജിലന്‍സ് കമ്മീഷനും കുറ്റപത്രം വിശദമായി പരിശോധിച്ചാണ് തച്ചങ്കരിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയത്. ഇത്ര വിശദമായി പരിശോധിച്ച കേസിലാണ് തുടര്‍ന്വേഷണത്തിനുള്ള നീക്കം. തുടരന്വേഷമെന്ന തച്ചങ്കരിയുടെ ആവശ്യം അംഗീകരിച്ച് വിജിലന്‍സ് കോടതിയെ സമീപിച്ചാല്‍ ഇപ്പോഴത്തെ കുറ്റപത്രത്തിനു മേലുള്ള വിചാരണ ഉടനടി തുടങ്ങാനാവില്ല. 

തുടരന്വേഷണം വേണമെന്ന തച്ചങ്കരിയുടെ അപേക്ഷയില്‍ നിയമപോദേശം തേടിയിട്ടുണ്ടെന്ന് വിജിലന്‍സ് ഡയറക്ടര്‍ ലോകനാഥ് ബെഹ്‌റ പറഞ്ഞു. വസ്തുകള്‍ കൃത്യമായി പരിശോധിക്കാതെയാണ് വിജിലന്‍സ് കുറ്റപത്രം തയ്യാറാക്കിയതെന്നാണ് തച്ചങ്കരിയുടെ പരാതി. അഡീഷണല്‍ ഡയറക്ട ജനറല്‍ പ്രോസിക്യൂഷന്‍ കെ.ഡി.ബാബുവിനോടാണ് നിയമോപദേശം തേടിയിരിക്കുന്നത്.

കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ എന്തെങ്കിലും പുതിയ സൂചനകള്‍ ലഭിച്ചാല്‍ തുടരന്വേഷണം ആവശ്യപ്പെടാന്‍ അന്വേഷണ ഉദ്യോഗസ്ഥന് അധികാരമുണ്ട്. ഏറെ സൂക്ഷമപരിശോധനകള്‍ക്കു ശേഷം കുറ്റപത്രം നല്‍കിയ കേസില്‍ പ്രതിയുടെ അപേക്ഷ പരിഗണിച്ച് തുടരന്വേഷണം നടത്താനുള്ള നീക്കമാണ് ഇപ്പോള്‍ വിവാദമാകുന്നത്.