തിരുവനന്തപുരം: വിവാദങ്ങള്‍ക്കൊടുവില്‍, ഗതാഗത കമീഷണര്‍ ടോമിന്‍ ജെ തച്ചങ്കരിയെ മാറ്റി. മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനമെന്ന് തിരുവനന്തപുരം ബ്യൂറോ റിപ്പോര്‍ട്ട് ചെയ്യുന്നു. 

കമീഷണറെ മാറ്റണമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ എന്‍സിപിയും ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് മുഖം രക്ഷിക്കാനുള്ള ഈ നടപടി. തച്ചങ്കരിയുടെ പുതിയ തസ്തിക തീരുമാനിച്ചിട്ടില്ല. 

വലിയ വിവാദങ്ങള്‍ക്കൊടുവിലാണ് ഈ തീരുമാനം. ഹെല്‍മറ്റില്ലാതെ പെട്രോള്‍ നല്‍കില്ലെന്ന കമീഷണറുടെ ഉത്തരവ് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഈയടുത്ത് കമീഷണറുടെ ജന്‍മദിനം ആര്‍ടിഒ ഓഫീസുകളില്‍ വലിയ തോതില്‍ ആഘോഷിച്ചതും വിവാദമായി. 

തുടക്കം മുതല്‍ കമീഷണറും മന്ത്രിയും തമ്മില്‍ അഭിപ്രായഭിന്നത നിലനിന്നിരുന്നു. തന്നെ അറിയിക്കാതെ കമീഷണര്‍ തീരുമാനങ്ങള്‍ എടുക്കുന്നതിലുള്ള അതൃപ്തി മന്ത്രി മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. കമീഷണറെ മാറ്റണമെന്ന് മന്ത്രിയുടെ പാര്‍ട്ടിയായ എന്‍.സി.പിയും ആവശ്യപ്പെട്ടിരുന്നു.