തമിഴ്‍നാട്ടില്‍ തക്കാളിയുടെ വില കുത്തനെ ഇടിഞ്ഞു. കിലോയക്ക് മൂന്നു രൂപക്കു പോലും തക്കാളി വാങ്ങാന്‍ ആളില്ല. രണ്ടു മാസം മുമ്പ് കിലോയക്ക് 80 രൂപയ്‍ക്കു മുകളിലെത്തിയ വിലയാണിപ്പോള്‍ കുത്തനെ ഇടിഞ്ഞത്.

ജൂണ്‍ ആദ്യ വാരത്തിലാണ് തക്കാളിയുടെ വില കുതിച്ചുയര്‍ന്നു തുടങ്ങിയത്. ജൂണ്‍ മധ്യത്തോടെ വില കിലോയ്‌ക്ക് 80 രൂപയോളമെത്തി. കേരളത്തിലേക്ക് കൂടുതല്‍ തക്കാളി അയക്കരുതെന്നു വരെ ആ സമയത്ത് തമിഴ്‍നാട് സര്‍ക്കാര്‍ കച്ചവടക്കാര്‍ക്ക് രഹസ്യ നിര്‍ദ്ദേശം നല്‍കി. പൂഴ്ത്തിവയ്പ്പ് തടയാന്‍ പരിശോധനകളും കര്‍ശനമാക്കി. എന്നാലിപ്പോള്‍ സ്ഥിതിയാകെ മാറി. ജൂണിലെ മഴയോടെ കാലാവസ്ഥ അനുകൂലമായി. ഉല്‍പ്പാദനം ആവശ്യമുള്ളതിന്‍റെ ഇരട്ടിയിലധികമാണിപ്പോള്‍. 15 കിലോയുടെ ഒരു പെട്ടി തക്കാളിക്ക് 30 രൂപയാണ് കര്‍ഷകര്‍ക്ക് തമിഴ്നാട്ടില്‍ ലഭിക്കുന്നത്. കേരളത്തിലെത്തിച്ച് നല്‍കിയാല്‍ 50 രൂപ കിട്ടും.

ലക്ഷക്കണക്കിനു രൂപ പല കര്‍ഷകര്‍ക്കും നഷ്‌ടപ്പെട്ടു. വിളവെടുപ്പിനുള്ള കൂലി പോലും കിട്ടാത്തതിനാല്‍ തക്കാളി തോട്ടം ഉപേക്ഷിച്ചവരുമുണ്ട്.


ഉല്‍പ്പാദനം വര്‍ദ്ധിച്ചതിനാല്‍ ഓണ ദിവസങ്ങളിലും വില ഉയരാനിടയില്ലെന്നത് കര്‍ഷകരെ ഏറെ വിഷമത്തിലാക്കിയിരിക്കുകയാണ്.