ജയിച്ചില്ലെങ്കില്‍ പുറത്ത് എന്ന സാഹചര്യത്തിലായിരുന്നു ജർമ്മനി കളത്തിലിറങ്ങിയത്

മോസ്കോ; ജർമ്മനിയെ രക്ഷിച്ച ക്രൂസിന്‍റെ മിസൈല്‍ ഗോളിനെ ലോകം വാഴ്ത്തുന്നു. ലോകകപ്പിനോളം വിലയുള്ളതാണ് ടോണി ക്രൂസിന്‍റെ മിസൈല്‍ ഗോളെന്നാണ് വിശേഷണം. മത്സരം അവസാനിക്കാന്‍ 18 സെക്കൻഡ് മാത്രം ശേഷിക്കേയായിരുന്നു കാല്‍പന്തുലോകത്തെ ത്രസിപ്പിച്ച ക്രൂസിന്‍റെ വലംകാലന്‍ അടി വല കുലുക്കിയത്. ക്രൂസിന്‍റെത് ഒരു പ്രായശ്ചിത്തം കൂടിയായിരുന്നു.

ജയിച്ചില്ലെങ്കില്‍ പുറത്ത് എന്ന സാഹചര്യത്തിലായിരുന്നു ജർമ്മനി കളത്തിലിറങ്ങിയത്. വന്‍ വെല്ലുവിളി ഉയര്‍ത്തിയാണ് സ്വീഡന്‍ നിലയുറപ്പിച്ചത്. അടിച്ചും തിരിച്ചടിച്ചും കളി മുന്നേറുന്നതിനിടയിലായിരുന്നു ക്രൂസിന് പിഴച്ചത്. സ്വീഡനെ മുന്നിലെത്തിച്ചത് ടോണി ക്രൂസിന്‍റെ ഉന്നംപിഴച്ച പാസായിരുന്നു. ലീഡ് നേടിയതോടെ സ്വീഡന്‍ പ്രതിരോധത്തിന്‍റെ മഹാമേരു തീര്‍ത്തു.

ഒടുവില്‍ റേയസിലൂടെ ഒപ്പമെത്തിയെങ്കിലും ആശ്വസിക്കാനാവുമായിരുന്നില്ല ജർമ്മനിക്ക്. 76 ശതമാനം സമയവും പന്ത് കൈവശം വച്ചിട്ടും 667 പാസുകൾ കൈമാറി 
പതിനെട്ട് ഷോട്ടുകളുതിർത്തിട്ടും കരിങ്കടൽ തീരത്ത് ജർമ്മനി മരണം മുന്നിൽകണ്ടു. ക്രൂസ് ക്രൂശിതാനായി കളംവിടേണ്ടിവരുമെന്ന് ഉറപ്പായ നിമിഷങ്ങൾ.

ദീർഘശ്വാസത്തിന് പോലും സമയം ബാക്കിയില്ലാത്തപ്പോൾ കിട്ടിയ ഫ്രീകിക്ക്. ജർമ്മനിയുടെ പ്രതീക്ഷകളത്രയും ക്രൂസിന്‍റെ വലങ്കാലിലേക്ക് ഉരുണ്ടുകൂടി. അത് പൊട്ടിത്തെറിച്ചപ്പോൾ ജർമ്മനിക്ക് പുതുജീവൻ. ഫുട്ബോൾ ചരിത്രത്തിലേക്ക് ഒരിക്കലും മായാത്തൊരു ക്രൂസ് മിസൈലെന്ന് ലോകം വാഴ്ത്തുന്നു. പ്രായശ്ചിത്തത്തിന്‍റെ ചാരിതാര്‍ത്ഥ്യത്തിനൊപ്പം കരുത്തിന്‍റെ പുഞ്ചിരിയുമായി ക്രൂസ് നിറഞ്ഞ് നില്‍ക്കുകയാണ് കാല്‍പന്തു പ്രേമികളുടെയെല്ലാം മനസ്സില്‍.