കുവൈറ്റ് സിറ്റി: കുവൈത്തില്‍ കടല്‍ മല്‍സ്യങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നതിന്റെ പ്രധാന കാരണം വിഷമയമുള്ള മലിനജലം കടലില്‍ കലര്‍ന്നതാണന്ന് കുവൈറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സയന്റിഫിക് റിസര്‍ച്ച്. പത്ത് ദിവസങ്ങള്‍ക്ക് മുമ്പാണ് തീരങ്ങളില്‍ മല്‍സ്യങ്ങള്‍ ചത്ത് പെങ്ങിയത്. പരിസ്ഥിതി പബ്ലിക് അതോറിട്ടിയുടെ കണ്ടെത്തലിനെ സാധൂകരിക്കുന്നതാണ് പുതിയ റിപ്പോര്‍ട്ട്.
കുവൈറ്റ് തീരത്ത് മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയതിനു പിന്നില്‍ രണ്ടു കാരണങ്ങളാണെന്ന് കുവൈറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സയന്റിഫിക് റിസര്‍ച്ച് കണ്ടെത്തിയിരിക്കുന്നത്. തീരപ്രദേശത്ത് പത്തുലക്ഷം ക്യുബിക് മീറ്റര്‍ ചുറ്റളവില്‍ രൂക്ഷഗന്ധവും, തീക്ഷ്ണരസമുള്ള മലിനജലം കലരുന്നതാണ് മല്‍സ്യങ്ങള്‍ ചീത്തയാകാനുള്ള ഒരു കാരണം. ഈ മലിനജലത്തില്‍ വിഷമയമുള്ള നിരവധി ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നതായി ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പരിശോധനയില്‍ കണ്ടെത്തി.
പരിസ്ഥിതി പബ്ലിക് അതോറിട്ടിയുടെ കണ്ടെത്തലിനെ സാധൂകരിക്കുന്നതാണ് പുതിയ റിപ്പോര്‍ട്ട്. മലിനജലം കടല്‍വെള്ളത്തില്‍ കലരുന്നതാണ് മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങാന്‍ കാരണമെന്ന് നേരത്തെ പൊതു അതോറിട്ടി റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതോടൊപ്പം കടല്‍വെള്ളത്തിന്റെ ഊഷ്മാവ് വര്‍ധിച്ചതും മത്സ്യങ്ങള്‍ ചത്തൊടുങ്ങാന്‍ മറ്റൊരു കാരണമായി കിസര്‍ വിലയിരുത്തുന്നു. കഴിഞ്ഞമാസം 23.6 മുതല്‍ 27.1 വരെയായിരുന്നു കടല്‍വെള്ളത്തിന്റെ ഊഷ്മാവ്. വെള്ളത്തില്‍ ഉപ്പിന്റെ അളവ് 43 ല്‍നിന്നും 44 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്.
കടല്‍മത്സ്യങ്ങളുടെ കൂട്ടമരണത്തിനു പിന്നില്‍ വെള്ളത്തിന്റെ ശുദ്ധതയും ഗുണനിലവാരവും കുറഞ്ഞതായി ഇന്‍സ്റ്റിറ്റ്യൂട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്. ചൈന, യുഎസ്, ഇറ്റലി, ഇന്ത്യ, കെനിയ എന്നീ രാജ്യങ്ങളിലും മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയ സംഭവങ്ങളുണ്ടായിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
