കുപ്പികളുടെ അടപ്പ് നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വകഭേദങ്ങളാണിവയെല്ലാം.

മിയാമി: അന്താരാഷ്ട്ര തലത്തില്‍ പോലും അറിയപ്പെടുന്ന പ്രമുഖ കുടിവെള്ള കമ്പനികളുടെ ഉല്‍പ്പന്നങ്ങളില്‍ പ്ലാസ്റ്റിക് മാലിന്യമെന്ന് പഠനത്തില്‍ കണ്ടെത്തല്‍. ഒന്‍പത് രാജ്യങ്ങളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ച് നടത്തിയ പഠന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പ്രസിദ്ധീകരിച്ചത്.

കുട്ടിവെള്ളത്തിലെല്ലാം മൈക്രോ പ്ലാസ്റ്റിക് ഘടകങ്ങളുടെ അംശം കാര്യമായ തോതില്‍ അടങ്ങിയിട്ടുണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തി. ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ മൈക്രോപ്ലാസ്റ്റിക് ഗവേഷകന്‍ ഷെറി മാസണും സംഘവും ബ്രസീല്‍, ചൈന, ഇന്ത്യ, ഇന്തോനേഷ്യ, കെനിയ, ലെബനന്‍, മെക്‌സിക്കോ, തായ്‌ലന്റ്, അമേരിക്ക എന്നീ രാഷ്ട്രങ്ങളില്‍ നിന്ന് 250 കുപ്പി വെള്ളം ശേഖരിച്ചാണ് പഠനം നടത്തിയത്. അക്വാ, അക്വാഫിന, ഡസാനി, എവിയാന്‍, നെസ്ലെ പ്യുവര്‍ ലൈഫ്, ബിസ്‍ലേരി, എപുറ, ജെറോള്‍സ്‌റ്റെയ്‌നര്‍, മിനല്‍ബ, വഹാഹ തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളുടെ കുപ്പിവെള്ളവും പരിശോധിച്ചവയില്‍ ഉള്‍പ്പെടുന്നു. ഇവയില്‍ 93 ശതമാനം സാമ്പിളുകളിലും പ്ലാസ്റ്റികിന്റെ അംശം കണ്ടെത്തി. പോളി പ്രൊപ്പലിന്‍, നൈലോണ്‍, പോളി എത്തിലിന്‍ ട്രെറാതാലെറ്റ് എന്നിവയാണ് വെള്ളത്തില്‍ കലര്‍ന്നതായി കണ്ടെത്തിയത്. 

കുപ്പികളുടെ അടപ്പ് നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വകഭേദങ്ങളാണിവയെല്ലാം. ഇവയില്‍ 65 ശതമാനവും പ്ലാസ്റ്റിക് കഷണങ്ങള്‍ തന്നെയായിരുന്നുവെന്നും നാരുകളല്ലായിരുന്നുവെന്നും ഗവേഷകര്‍ അടിവരയിടുന്നു. മാലിന്യങ്ങള്‍ പുറമെ നിന്ന് കലരുന്നവയല്ലെന്നും കുപ്പി വെള്ളത്തിന്റെ നിര്‍മ്മാണത്തിനിടെ തന്നെ വെള്ളത്തിലേക്ക് എത്തുന്നവയാണെന്നും കണ്ടെത്തിയിട്ടുണ്ട്. കുപ്പിയില്‍ വെള്ളം നിറച്ചശേഷം യന്ത്ര സഹായത്തോടെ അടപ്പ് കുപ്പിയില്‍ ഉറപ്പിക്കുന്ന പ്രക്രിയക്കിടെയാണ് പ്ലാസ്റ്റിക് പദാര്‍ത്ഥങ്ങള്‍ മുറിഞ്ഞ്‍വീണ് വെള്ളത്തില്‍ കലരുന്നത്. വെള്ളത്തിനൊപ്പം ശരീരത്തിലേക്കും പ്ലാസ്റ്റിക് എത്തുന്നത് ആരോഗ്യ പ്രശ്നങ്ങള്‍ക്കും വഴിവെയ്ക്കും.