രണ്ട് മത്സരത്തില്‍ നിന്ന് കെയ്ന് അഞ്ച് ഗോള്‍

നോവ്ഗ്രോഗ്രാഡ്: ഹാട്രിക്കും മിന്നുന്ന ഫോമുമായി തന്‍റെ നാലാമത്തെ ലോകകപ്പ് അവിസ്മരണീയമാക്കുന്ന റൊണാള്‍ഡോയ്ക്ക് ഇതാ ഒരു വില്ലന്‍ അവതരിച്ചിരിക്കുന്നു. നാലു ഗോളുമായി ടോപ് സ്കോറര്‍മാരുടെ പട്ടികയില്‍ ഒന്നാമതായിരുന്ന റൊണാള്‍ഡോയെ പിന്‍ സീറ്റിലേക്ക് മാറ്റി ഇംഗ്ലീഷ് നായകന്‍ ലോകകപ്പിലെ ഗോളടി വീരന്മാരുടെ അമരത്ത് നിലയുറപ്പിച്ചു. 

രണ്ട് മത്സരത്തില്‍ നിന്ന് പറങ്കിപ്പടയുടെ സുല്‍ത്താന്‍ നാലു ഗോളുകള്‍ സ്വന്തമാക്കിയപ്പോള്‍ അത്രയും മത്സരത്തില്‍ നിന്ന് അഞ്ചു ഗോളുകളാണ് ഇംഗ്ലീഷ് നായകന്‍ പേരിലഴുതിയത്. പനാമയ്ക്കെതിരെ ഇന്ന് ഹാട്രിക് അടിച്ച കെയ്ന്‍ കഴി‌ഞ്ഞ ദിവസം ടൂണീഷ്യക്കെതിരെ ഇരട്ട ഗോളുകളും അടിച്ചിരുന്നു. ഇംഗ്ലീഷ് നായകനായി റഷ്യയില്‍ എത്തിയ കെയ്ന്‍ അസാമാന്യ ഫോമിലാണ് പന്ത് തട്ടുന്നത്.

ടുണീഷ്യക്കെതിരെ മിന്നും ഹെഡര്‍ പായിച്ച താരം സമനില എന്ന തോന്നിപ്പിച്ച മത്സരത്തെ കളിയുടെ ഇഞ്ചുറി ടെെമിലെ ഗോളിലൂടെ ഇംഗ്ലണ്ടിന് അനുകൂലമാക്കി. ഇന്ന് പനാമക്കെതിരെ രണ്ട് പെനാല്‍റ്റിയും ലക്ഷ്യം തെറ്റാതെ വലയിലെത്തിച്ച കെയ്ന്‍ ഭാഗ്യത്തിന്‍റെ അകമ്പടിയുള്ള കാലുകളിലൂടെ മൂന്നാമത്തെ ഗോള്‍ സ്വന്തമാക്കി. സ്പെയിനിനെതിരെ ഹാട്രിക് സ്വന്തമാക്കിയ റൊണാള്‍ഡോ മൊറോക്കോയ്ക്കെതിരെ തന്‍റെ സ്വതസിദ്ധമായ കരുത്തന്‍ ഹെഡ്ഡറിലൂടെയാണ് നാലു ഗോളുകള്‍ നേടിയിരിക്കുന്നത്. നാലു ഗോളുമായി ബെല്‍ജിയത്തിന്‍റെ റൊമേലു ലുക്കാക്കുവും ഗോള്‍ഡന്‍ ബൂട്ടിനായുള്ള മത്സരത്തിന്‍റെ മുന്നിലുണ്ട്. ഇതോടെ ഗോള്‍ഡന്‍ ബൂട്ടിനായുള്ള ലോകകപ്പിലെ പോരാട്ടത്തിന് തീപിടിച്ചു.