നേരത്തെ ഇനിയേസ്റ്റയും ജാപ്പനീസ് ലീഗിലേക്ക് മാറിയിരുന്നു
ഹിറോഷിമ: ലോകകപ്പിന്‍റെ പ്രീക്വാര്‍ട്ടറില്‍ പരാജയം രുചിച്ചെങ്കിലും ജപ്പാന്‍ ബെല്‍ജിയത്തിനെതിരെ കാണിച്ച പോരാട്ട വീര്യം ലോകത്തിന്‍റെ കയ്യടി നേടിയിരുന്നു. യൂറോപ്പിന്‍റെയും ലാറ്റിനമേരിക്കയുടെയും അപ്രമാധിത്വത്തിന് മുന്നില്‍ കരുത്ത് കാട്ടാന്‍ സാധിക്കാതെ പോകുന്ന ഏഷ്യയ്ക്ക് പുതിയ ഊര്‍ജമാണ് ജപ്പാന്‍റെ പോരാട്ടം സമ്മാനിച്ചത്.
ബാഴ്സയില്‍ നിന്ന് ഇനിയേസ്റ്റ ജാപ്പനീസ് ലീഗിലേക്ക് മാറിയതിന് പിന്നാലെ ഏഷ്യക്ക് കൂടുതല്‍ ആത്മവിശ്വാസം കൊടുത്ത് മറ്റൊരു സ്പാനിഷ് താരം കൂടെ ജപ്പാനിലേക്കെത്തുകയാണ്. സ്പെയിനിന്‍റെ ഏറ്റവും മികച്ച മുന്നേറ്റനിര താരങ്ങളില്‍ ഒരാളായിരുന്ന ഫെര്‍ണാണ്ടോ ടോറസാണ് ജപ്പാന്‍ ക്ലബ് സാഗന്‍ ടോസുവുമായി കരാറിലായത്.
ടോറസിന്‍റെ അത്‍ലറ്റിക്കോ മാഡ്രിഡുമായുള്ള കരാര്‍ കഴിഞ്ഞ സീസണില്‍ അവസാനിച്ചിരുന്നു. യൂറോപ്പ ലീഗിന്‍റെ ഫെെനലില്‍ 90-ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ മത്സരത്തിലാണ് ടോറസ് അവസാനമായി കളത്തിലിറങ്ങിയത്. അത്‍ലറ്റിക്കോയില്‍ കരിയര്‍ തുടങ്ങിയ ടോറസ് പിന്നീട് ലിവര്‍പൂള്‍, ചെല്‍സി എ.സി. മിലാന്‍ എന്നിവര്‍ക്കായി കളിച്ചിട്ടുണ്ട്.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആകെ 314 കളികളില്‍ നിന്ന് 126 ഗോളുകളാണ് താരം സ്വന്തമാക്കിയത്. സ്പെയിന്‍, ജര്‍മനി, ഫ്രാന്‍സ് എന്നിവടങ്ങളില്‍ നിന്നെല്ലാം തനിക്ക് ഓഫറുകള്‍ വന്നിരുന്നുവെന്ന് ടോറസ് പറഞ്ഞു. പക്ഷേ, മറ്റൊരു യൂറോപ്യന്‍ ടീമില്‍ കളിക്കുന്നതില്‍ കാര്യമില്ലെന്ന് തോന്നി. ഒരു പുതിയ സ്ഥലത്ത് പുതിയ വെല്ലുവിളി ഏറ്റെടുക്കാനാണ് ഇഷ്ടപ്പെടുന്നതെന്നും ടോറസ് വ്യക്തമാക്കി.
