400 മലയാളികളടക്കം 600 നഴ്‌സുമാരുടെ തൊഴില്‍ പ്രശ്‍നങ്ങളെപറ്റി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിനു പരാതി നല്‍കിയതിന് മലയാളി നഴ്‌സിന് പിരിച്ചുവിടല്‍ ഭീഷണി. മാനസിക പ്രശ്നമുണ്ടെന്നു വരുത്തിതീര്‍ത്ത് ജോലിയില്‍ നിന്ന് പുറത്താക്കാന്‍ ദില്ലി സര്‍ക്കാരിന് കീഴിലുള്ള ആശുപത്രി അധികൃതര്‍ ശ്രമിക്കുന്നുവെന്നാണ് യുവതിയുടെ പരാതി.

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ നേരില്‍ കണ്ട് ഒരുവര്‍ഷം മുമ്പ് ഈ പരാതികള്‍ അറിയിച്ചതോടെയാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലിവര്‍ ആന്‍ഡ് ബൈലറി സയന്‍സിലെ നേഴ്‌സായ ആലപ്പുഴ സ്വദേശിനി ജീന ജോസഫിന്‍റെ തൊഴിലും ജീവിതവും പ്രസന്ധിയിലായത്. അഞ്ച് വര്‍ഷമായി ഇവിടെ ജോലി ചെയ്യുന്ന ജീനയ്‌ക്ക് കരാര്‍ നീട്ടി നല്‍കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ല. സ്വകാര്യ സ്ഥാപനത്തിലെ ഭര്‍ത്താവിന്റെ ജോലി ഉന്നത ഇടപെടലിനെ തുടര്‍ന്ന് നഷ്‌ടമായി. മുന്‍ രാഷ്‌ട്രപതി പ്രതിഭാ പാട്ടീല്‍ അടക്കമുള്ള വിവിഐപി കളെ പരിച്ചരിച്ചതിന് പ്രശംസയേറ്റുവാങ്ങിയ നഴ്‌സിനാണ് ഈ ദുര്‍ഗതി.

പരാതിയുടെ പേരില്‍ നടപടി ഉണ്ടാകില്ലെന്ന് ഉറപ്പുനല്‍കിയ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കയ്യൊഴിഞ്ഞതോടെ സഹപ്രവര്‍ത്തകര്‍ക്ക് ഒപ്പം മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കണ്ട് സഹായമഭ്യര്‍ത്ഥിക്കാന്‍ ജീന ജോസഫ് കേരള ഹൗസില്‍ എത്തി. ജീനയ്‌ക്ക് ജോലി നഷ്‌ടമായാല്‍ പണിമുടക്കി പ്രതിഷേധിക്കാനാണ് സഹപ്രവര്‍ത്തകരുടെ തീരുമാനം.