തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ നിന്നും പാഠം പഠിക്കാതെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തം തിരിച്ചറിയുന്നതിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിലും അതോറിറ്റിക്ക് സംഭവിച്ചത് ഗുരുതര വീഴ്ച. അതോറിറ്റി പുനസംഘടിപ്പിക്കുമെന്ന പ്രഖ്യാപനം സര്‍ക്കാരും മറന്നു. ദുരന്തസാധ്യത സാധ്യത മുന്‍കൂട്ടി അറിയുക, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക, ദുരന്തമുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സകല സന്നാഹങ്ങളും അണിനിരത്തുക ഇവയാണ് മുഖ്യമന്ത്രി അധ്യക്ഷനായ ദുരന്ത നിവാരണ അതോറിറ്റിയുടെ ചുമതല.

ഓഖിയില്‍ ഇതില്‍ പലതും പാളിയതോടെ കേരള തീരങ്ങളില്‍ ദുരന്തം വീശിയടിച്ചിരുന്നു. വീഴ്ചയുള്‍ക്കൊണ്ട് വിദഗ്ധരെ ഉള്‍പ്പെടുത്തി അതോറിറ്റി പുനസംഘടിപ്പിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. പക്ഷേ ഇതുവരെ നടപ്പായില്ല. അഡീഷണല്‍ ചീഫ് സെക്രട്ടറി പിഎച്ച് കുര്യന്‍റെ നേതൃത്വത്തിലുളള ദുരന്ത നിവാരണ അതോറിറ്റിയില്‍ ഇപ്പോഴുമുളളത് റവന്യൂ വകുപ്പിലെ ഏതാനും ഉദ്യോഗസ്ഥര്‍ മാത്രമാണ്. ഇവിടെ നിന്ന് വേണം സേനാ വിന്യാസമടക്കം സകല പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കാന്‍. ദുരന്ത ബാധിത ജില്ലകളില്‍ സ്പെഷ്യല്‍ ഓഫീസര്‍മാരെ നിയോഗിക്കുക, ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രവര്‍ത്തനം 24 മണിക്കൂര്‍ ആക്കുക തുടങ്ങിയ കാര്യങ്ങളില്‍ അതോറ്റിയുടെ പ്രവര്‍ത്തനം പരിമിതപ്പെട്ടു. 

രക്ഷാപ്രവര്‍ത്തനത്തനത്തിന് മല്‍സ്യത്തൊഴിലാളികളും ഭക്ഷണ വിതരണത്തിന് സന്നദ്ധ സംഘടനകളും മുന്‍കൈയെടുത്തതാണ് ദുരിതത്തിന്‍റെ തോത് അല്‍പമെങ്കിലും കുറച്ചത്. ഡാമുകള്‍ ഒരുമിച്ച് തുറക്കുമ്പോള്‍ എത്ര വീടുകള്‍ വെളളത്തിലാകും, അപകട സാധ്യത എവിടെയെല്ലാം, ആരുടെയല്ലാം സഹായം തേടാം തുടങ്ങിയ കാര്യങ്ങളിലൊന്നും മുന്നൊരുക്കമുണ്ടായില്ല. എത്രപേര്‍ ഒറ്റപ്പെട്ടെന്നോ അപകടാവസ്ഥയില്‍ എത്ര പേരെന്നോ വ്യക്തമല്ല. രക്ഷാപ്രവര്‍ത്തനത്തിനെത്തുന്ന ഉദ്യോഗസ്ഥരെ എവിടെ വിന്യസിക്കണമെന്ന കാര്യത്തില്‍ പോലും അവ്യക്തതയായിരുന്നു. ഇതിന്റെയെല്ലാം ഫലമായത് മഹാപ്രളയത്തിന്‍റെ അഞ്ചാം നാളും ദുരന്തമുഖങ്ങളില്‍ ഉയരുന്നത് ആയിരങ്ങളുടെ നിലവിളിയാണ്.