തിരുവനന്തപുരം: മദ്യ നയം തിരുത്തണമെന്ന നിലപാടിലുറച്ച് ടൂറിസം മന്ത്രി എ.സി.മൊയ്തീന്‍. ടൂറിസം മേഖലയിലെ ബാറുകളിൽ മദ്യം വില്‍പ്പന തുടങ്ങണമെന്ന് എസി മൊയ്തീൻ ആവശ്യപ്പെട്ടു. മദ്യനയം തിരുത്താനുള്ള ഇടത് സർക്കാർ നീക്കത്തിന് ടൂറിസം മന്ത്രി കൂടുതൽ വേഗം പകരുന്നു. നയം ടൂറിസം മേഖലയെ തകർത്തുവെന്ന വാദമാണ് എസി മൊയ്തീൻ ആവർത്തിക്കുന്നത്.
ടൂറിസം വകുപ്പിന്റെ കണക്ക് പറഞ്ഞാണ് മൊയ്തീൻ തിരുത്തലാവശ്യപ്പെടുന്നെങ്കിൽ നയം മാറ്റും മുമ്പും സർക്കാർ ഹിതപരിശോധന നടത്തണമെന്നാണ് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്റെ ആവശ്യം. ടൂറിസം മന്ത്രിയുടെ വാദത്തെ ഖണ്ഡിക്കാന്‍ സുധീരന്റെ കൈവശവുമുണ്ട് കണക്കുകൾ. 2015ൽ അന്താരാഷ്ട്രാ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ അഞ്ച് ശതമാനവും ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണം എട്ടു ശതമാനവും കൂടിയതായി ടൂറിസം ഡയറക്ടറേറ്റിന്റെ കണക്കുണ്ടെന്ന് സുധീരന്‍ പറഞ്ഞു.
ടൂറിസം മന്ത്രിയുടെ തിരുത്തലാവശ്യത്തോട് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണനും യോജിപ്പാണ്. നയം തിരുത്താനുള്ള നീക്കവുമായി ഭരണപക്ഷം മുന്നോട്ട് പോകുമ്പോൾ പ്രതിപക്ഷം ശക്തമായ എതിർപ്പ് ഉയർത്തുന്നു.
