അടിമാലി ടൗണില്‍ ടാക്സി ഡ്രൈവര്‍മാര്‍ പ്രതിഷേധ പ്രകടനം നടത്തി
ഇടുക്കി: കടയുടെ മുമ്പില് വാഹനം പാര്ക്ക് ചെയ്തതിന്റെ പേരില് രണ്ടംഗ സംഘം ടാക്സി ഡ്രൈവറെ മര്ദ്ദിച്ചതായി പരാതി. മര്ദ്ദനത്തെ തുടര്ന്ന് പരിക്കേറ്റ അടിമാലി കൂമ്പന്പാറ സ്വദേശി സനില് കുമാര് അടിമാലി താലൂക്കാശുപത്രിയില് ചികത്സ തേടി. അക്രമം നടത്തിയ രണ്ടംഗ സംഘത്തെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സംയുക്ത ഓട്ടോ ടാക്സി തൊഴിലാളി യൂണിയന് അടിമാലി ടൗണില് പ്രതിഷേധ പ്രകടനം നടത്തി.
ചൊവ്വാഴ്ച്ച രാത്രിയില് അടിമാലി മാര്ക്കറ്റ് ജംഗ്ഷന് സമീപത്തു വച്ചാണ് സഞ്ചാരികളുമായി എത്തിയ ടാക്സി ഡ്രൈവര്ക്ക് മര്ദ്ദനമേറ്റത്. കടയുടെ മുമ്പില് വാഹനം പാര്ക്ക് ചെയ്തതിനെ തുടര്ന്നുണ്ടായ തര്ക്കം മര്ദ്ദനത്തില് കലാശിക്കുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന സഞ്ചാരികള് സമീപത്തെ ബേക്കറിയില് നിന്നും സാധനങ്ങള് വാങ്ങാന് പോയതിനെ തുടര്ന്ന് പാതയോരത്ത് ഒതുക്കിയിട്ടിരുന്ന വാഹനം മറ്റൊരിടത്തേക്ക് മാറ്റിയിടുവാന് തന്റെ പിന്നാലെയെത്തിയ രണ്ടംഗം സംഘം ആവശ്യപ്പെട്ടെന്നും വാഹനം മാറ്റിയിട്ട ശേഷം ബേക്കറിക്കുള്ളിലേക്ക് കയറിയ തന്നെ പ്രകോപനമില്ലാതെ രണ്ടംഗ സംഘം ആക്രമിക്കുകയായിരുന്നുവെന്നും സനില് പറയുന്നു.
അക്രമം നടത്തിയ ശേഷം രണ്ടംഗം സംഘം പുറത്തേക്കിറങ്ങി രക്ഷപ്പെട്ടു. തലക്കും മുഖത്തും മര്ദ്ദനമേറ്റ സനില്കുമാര് അടിമാലി താലൂക്കാശുപത്രിയില് ചിക്തസയിലാണ്. അക്രമം നടത്തിയ രണ്ടംഗ സംഘത്തെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സംയുക്ത ഓട്ടോ ടാക്സി തൊഴിലാളി യൂണിയന് അടിമാലി ടൗണില് പ്രതിഷേധ പ്രകടനം നടത്തി.അക്രമം നടത്തിയവരെ അറസ്റ്റ് ചെയ്യാന് പോലീസ് തയ്യാറാകണമെന്ന് ടാക്സി തൊഴിലാളികള് ആവശ്യപ്പെട്ടു.
