ഭൂവനേശ്വര്‍: സെല്‍ഫിയെടുക്കുന്നതിനിടെ പുഴയില്‍ വീണ് രണ്ട് യുവതികള്‍ക്ക് ദാരുണാന്ത്യം. ഒഡിഷ റയഗഡ ജില്ലയിലാണ് സംഭവം. നാഗബലി പുഴയോട് ചേര്‍ന്നുള്ള തൂക്കുപാലത്തില്‍ നിന്നും സെല്‍ഫിയെടുക്കുന്നതിനിടയില്‍ കാല്‍വഴുതി വീഴുകയായിരുന്നു. ഇ ജ്യോതി (27), ശ്രിദേവി (23) എന്നിവരാണ് ഇന്നലെ മരിച്ചത്. വിശാഖ പട്ടണത്തുള്ള ഒന്‍പത് യുവതികള്‍ നാഗബലി പുഴ കാണാനെത്തിയതായിരുന്നു. 

 നാഗബലിയോട് ചേര്‍ന്നുള്ള പാറ പശ്ചാത്തലമാക്കി തുടര്‍ച്ചയായി ചിത്രമെടുക്കുന്നതിനിടെ കാല്‍ വഴുതി പുഴയിലേക്ക് വീഴുകയായിരുന്നുവെന്ന് റായഗഡ പോലീസ് ഇന്‍പെക്ടര്‍ ആര്‍.കെ.പത്രോ പറഞ്ഞു.

 പുഴയില്‍ നിറയെ വെള്ളവും നല്ല ഒഴുക്കുമുണ്ടായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ അഗ്നിശമന സേന മൃതദേഹങ്ങള്‍ കരയ്‌ക്കെത്തിച്ചു.ഇക്കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ഒട്ടേറെ സെല്‍ഫി മരണങ്ങള്‍ സംഭവിച്ചിട്ടുണ്ട്. മിക്കതും ടുറിസ്റ്റുകളായി എത്തിയവരാണെന്നാണ് കണക്കുകള്‍ പറയുന്നത്.