മഴ കനത്തതോടെ വെെകുന്നേരം 4.30ഓടെയാണ് വെള്ളം കൂടിയത്. ഇതോടെ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയവര്‍ പെട്ടുപ്പോവുകയായിരുന്നുവെന്ന് പൊലീസ്
ശിവപുരി: കേരളത്തെ നടുക്കി പ്രളയം ദുരിതം വിതയ്ക്കുമ്പോള്‍ മധ്യപ്രദേശിലും മഴ ജനങ്ങളെ ദുരിതത്തിലാക്കുന്നു. മഴയില്‍ വെള്ളം അതിവേഗം വര്‍ധിച്ചതോടെ കുളിക്കാനിറങ്ങിയ വിനോദയാത്രാ സംഘം വെള്ളച്ചാട്ടത്തിന് നടുവില്‍ പാറയില്‍ കുടുങ്ങി. 17ഓളം പേരെ കാണാതായിട്ടുണ്ട്. സ്വാതന്ത്ര്യ ദിനത്തിലെ അവധി പ്രമാണിച്ച് മധ്യപ്രദേശിലെ ശിവപുരി ജില്ലയിലുള്ള സുല്‍ത്താന്‍ഗര്‍ഹ് വെള്ളച്ചാട്ടത്തിലാണ് ആളുകള്‍ കുടുങ്ങിയത്.
ഇപ്പോഴും മുപ്പതോളം പേരെ രക്ഷപ്പെടുത്താന്‍ സാധിച്ചിട്ടില്ല. സംഘത്തിലുള്ള ഏഴു പേരെ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനത്ത് എത്തിച്ചിട്ടുണ്ട്. നാഷണല്‍ ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ഫോഴ്സ് സ്ഥലത്തെത്തിയിട്ടുണ്ട്. ആളുകളെ രക്ഷിക്കാന്‍ ഹെലികോപ്റ്റര്‍ എത്തിച്ചിട്ടുണ്ടെന്ന് ശിവപുരി കളക്ടര്‍ പറഞ്ഞു. മഴ കനത്തതിനാല്‍ രക്ഷാപ്രവര്‍ത്തനം തടസപ്പെടുകയാണ്.
ജില്ലാ ആസ്ഥാനത്ത്നിന്ന് 55 കിലോമീറ്റര്‍ അകലെ മോഹന ഗ്രാമത്തിലാണ് വെള്ളച്ചാട്ടം. മഴ കനത്തതോടെ വെെകുന്നേരം 4.30ഓടെയാണ് വെള്ളം കൂടിയത്. ഇതോടെ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയവര്‍ പെട്ടുപ്പോവുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സെല്‍ഫി എടുക്കാന്‍ വെള്ളച്ചാട്ടത്തിന് അടുത്ത് പോയതാണ് കൂടുതല്‍ പ്രശ്നമുണ്ടാകാന്‍ കാരണമെന്നാണ് അധികൃതര്‍ പറയുന്നത്. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി നടക്കുകയാണെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും പറഞ്ഞു.