കോഴിക്കോടജയിലില്‍ വച്ച് മോഷണം ആസൂത്രണം ചെയ്‌തെന്ന വിവരത്തെത്തുടര്‍ന്ന് ടിപി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട കൊടി സുനിെയന്ന് എന്‍.കെ സുനില്‍ കുമാറിനെ പൊലീസ് ജയിലിലെത്തി ചോദ്യം ചെയ്യും. ഞായറാഴ്ചയാണ് വിയ്യൂര്‍ ജയിലില്‍ സുനിലിനെ ചോദ്യം ചെയ്യുക.
ഇക്കഴിഞ്ഞ ജൂലൈ 17ന് കോഴിക്കോട്ടെ നല്ലളത്ത് ദേശീയ പാതയില്‍ കാര്‍ യാത്രക്കാരനെ ആക്രമിച്ച് മൂന്നു കിലോ സ്വര്‍ണംകവര്‍ന്ന കേസില്‍ പൊലീസ് പിടിയിലായവര്‍ നല്‍കിയ മൊഴിയിലാണ് നിര്‍ണായക വഴിത്തിരിവ്. മോഷണം ആസൂത്രണം ചെയ്തത് ടിപി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് വിയ്യൂര്‍ ജയിലില്‍ കഴിയുന്ന സുനില്‍ കുമാറാണെന്ന് ചോദ്യം ചെയ്യലിനിടെ പ്രതികള്‍ വെളിപ്പെടുത്തി.
മോഷണം ആസൂത്രണം ചെയ്യാന്‍ ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ രഞ്ജിത് കൊല്ലത്തെ പണമിടപാടുകാരനായ രാജേഷ് ഖന്ന എന്നിവരെ സുനില്‍ ജയിലില്‍നിന്ന് ഫോണ്‍ ചെയ്തതിന്റെ വിവരങ്ങളും പുറത്തുവന്നു. കവര്‍ച്ച ചെയ്യാനും സ്വര്‍ണ്ണം മറിച്ചു വില്‍ക്കാനും ഫോണിലൂടെ സുനില്‍ തന്നെയാണ് നിര്‍ദ്ദേശം നല്‍കിയതെന്നും പ്രതികള്‍ വെളിപ്പെടുത്തി.
തുടര്‍ന്നാണ് സുനിലിനെ ജയിലിലെത്തി ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേട്ട് കോടതി ഇതിന് അനുമതി നല്‍കി. ചെറുവണ്ണൂര്‍ സിഐ പി.രാജേഷും സംഘവും പ്രത്യേകം തയ്യാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിലാണ് സുനിലിനെ ചോദ്യം ചെയ്യുക.
രഞ്ജിത് അടക്കം ആറു പേരാണ് നിലവില്‍ പൊലീസ് കസ്റ്റഡിയിലുളളത്. സുനിലും സംഘവും കോഴിക്കോട് ജില്ലാ ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന വാര്‍ത്ത നേരത്തെ ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടിരുന്നു. കോളിളക്കമുണ്ടാക്കിയ ഈ സംഭവത്തിനു ശേഷവും സുനില്‍ കുമാറും സംഘവും ജയില്‍ സുരക്ഷിത താവളമാക്കുന്നു എന്ന് തെളിയിക്കുന്നതാണ് മോഷണക്കേസിലെ പ്രതികളുടെ വെളിപ്പെടുത്തല്‍.
