കോഴിക്കോട്: ഇടതു സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ടി.പി വധക്കേസിലെ പ്രതികള്‍ക്ക് കയ്യയച്ച് പരോള്‍ നല്‍കിയതിന്റെ തെളിവുകള്‍ പുറത്ത്.പ്രധാന പ്രതികളായ പി.കെ. കുഞ്ഞനന്തന് നാലര മാസവും കെ.സി. രാമചന്ദ്രന് മൂന്ന് മാസവുമാണ് വഴിവിട്ട് പരോള്‍ അനുവദിച്ചതെന്ന് വിവരാവകാശ നിയമ പ്രകാരം ലഭിച്ച ഈ രേഖകള്‍ വ്യക്തമാക്കുന്നു.
സിപിഎം ഏരിയ കമ്മിറ്റി അംഗവും ടിപി വധക്കേസിലെ പതിമൂന്നാം പ്രതിയുമായ കുഞ്ഞനന്തന് ഇടതു സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം 134 ദിവസത്തെ പരോള്‍. ഇതില്‍ 27 ദിവസം ഒഴികെ ബാക്കിയെല്ലാം അടിയന്തിര അവധിയാണ്. കഴിഞ്ഞ 12മാസത്തിനിടെ നാലര മാസവും കുഞ്ഞനന്തന്‍ ജയിലിന് പുറത്തായിരുന്നു.
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം രാമചന്ദ്രന് കിട്ടിയത് 90 ദിവസത്തെ അവധി. 11 ദിവസം ഒഴികെ ബാക്കിയെല്ലാം സാധാരണ അവധിയെന്നാണ് വിവരാവകാശ രേഖ പറയുന്നത്. ഒരു വര്‍ഷം പരമാവധി അറുപത് ദിവസം വരെ അവധി അനുവദിക്കാമെന്നാണ് ജയില്‍ ചട്ടം . മൂന്ന് മാസത്തിനുള്ളില്‍ 15 ദിവസവും 6 മാസത്തിനുള്ളല്‍ പരമാവധി 30 ദിവസവും എന്നാണ് ചട്ടം.
ഇതൊക്കെ മറികടന്നാണ് സര്‍ക്കാര്‍ അടിയന്തിര അവധികള്‍ അനുവദിച്ചിരിക്കുന്നത്. അടുത്ത ബന്ധുക്കള്‍ ഗുരുതരാവസ്ഥയിലാണെന്ന് കാണിച്ചാണ് ചില അടിയന്തിര അവധികള്‍ സര്‍ക്കാര്‍ അനുവദിച്ചത്. ഇതിന് പുറമെ പ്രധാന പ്രതികളിലൊരാളായ ടി.കെ രജീഷിനെ കണ്ണൂര്‍ സെന്റട്രല്‍ ജയിലിലേക്ക് മാറ്റിയത് സര്‍ക്കാര്‍ ഇടപെട്ടാണ്.
