തിരുവനന്തപുരം: രോഗികളുടെ ജീവന്‍ വച്ച് പന്താടുന്ന ഇഎസ്ഐ കോര്‍പ്പറേഷന്‍റെ തൊഴിലാളി വിരുദ്ധ നിലപാടുകള്‍ അവസാനിപ്പിക്കണമെന്ന് തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍. സംസ്ഥാന സര്‍ക്കാരിന്‍റെ നിയന്ത്രണത്തിലുള്ള റീജിയണല്‍ കാന്‍സര്‍ സെന്‍ററില്‍ ഇഎസ്ഐ ഗുണഭോക്താക്കള്‍ക്ക് ലഭിച്ചിരുന്ന ചികിത്സ കോര്‍പ്പറേഷന്‍ പിന്‍വലിച്ചത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഇതോടെ ഇഎസ്ഐ പദ്ധതി പ്രകാരം വിവിധ ഘട്ടങ്ങളിലായി ചികിത്സയില്‍ തുടരുന്ന നൂറ് കണക്കിന് രോഗികളുടെ തുടര്‍ ചികിത്സ അനിശ്ചിതത്വത്തിലാണ്. 

സാധാരണക്കാരായ തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളുമാണ് ആര്‍സിസിയില്‍ ചികിത്സ തേടുന്നത്. റേഡിയേഷന്‍, കീമോതെറാപ്പി, ബ്രാക്കോ തെറാപ്പി തുടങ്ങിയ ചെലവേറിയ ചികിത്സയും മറ്റ് പരിശോധനകള്‍ക്കമുള്ള വന്‍ ചെലവ് താങ്ങാനാവാത്ത സ്ഥിതിയിലാണ് ഇഎസ്ഐ ഗുണഭോക്താക്കളായ രോഗികള്‍. ഇത്തരം ദുരനുഭവങ്ങള്‍ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നതില്‍ നിന്നും കേന്ദ്ര സര്‍ക്കാരും ഇഎസ്ഐ കോര്‍പ്പറേഷനും പിന്മാറണമെന്നും തൊഴില്‍ മന്ത്രി ടി.പി. രാമകൃഷ്ണന്‍ ആവശ്യപ്പെട്ടു. 

സംസ്ഥാന സര്‍ക്കാരും ഇഎസ്ഐ കോര്‍പ്പറേഷനും തമ്മിലുള്ള കരാര്‍ പ്രകാരം തൊഴിലാളികള്‍ക്ക് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സ കോര്‍പ്പറേഷനാണ് നല്‍കേണ്ടത്. മൂന്ന് മാസ സേവന കാലയളവില്‍ 39 ദിവസത്തെ ഇഎസ്ഐ വിഹിതം അടച്ചിട്ടുള്ള തൊഴിലാളികള്‍ക്കും ആറു മാസ സേവന കാലയളവില്‍ 78 ദിവസത്തെ വിഹിതമടച്ചിട്ടുണ്ടെങ്കില്‍ തൊഴിലാളിയുടെ കുടുംബാംഗങ്ങള്‍ക്കും സൗജന്യ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സയ്ക്ക് അര്‍ഹതയുണ്ടായിരുന്നു. ഇഎസ്ഐ കോര്‍പ്പറേഷന്‍ ഈ നിബന്ധന രണ്ട് വര്‍ഷക്കാലം തുടര്‍ച്ചയായ സേവനത്തിലുള്ളതും നാല് വിഹിത കാലയളവിലായി 156 ദിവസത്തെ വിഹിതം അടച്ചതുമായ തൊഴിലാളികള്‍ക്ക് മാത്രമായി ഭേദഗതി ചെയ്തു.

വര്‍ഷത്തില്‍ ചുരുങ്ങിയ കാലയളവില്‍ മാത്രം തൊഴില്‍ ലഭിക്കുന്ന കശുവണ്ടി മേഖലയിലെ തൊഴിലാളികളടക്കം ആയിരക്കണക്കിന് ഗുണഭോക്താക്കള്‍ക്ക് കോര്‍പറേഷന്‍റെ ജനവിരുദ്ധ തീരൂമാനം മൂലം ചികിത്സ നിഷേധിക്കപ്പെടുകയാണ്. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര തൊഴില്‍ വകുപ്പ് മന്ത്രിയോടും ഇഎസ്ഐ കോര്‍പ്പറേഷനോടും ഭേദഗതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടിട്ടും അവരതിന് തയ്യാറായിട്ടില്ല. സംസ്ഥാനത്ത് ഇഎസ്ഐ പദ്ധതി കൂടുതല്‍ മെച്ചപ്പെടുത്തുവാനും ആധുനികവല്‍ക്കരിക്കുവാനും സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്.

ഇഎസ്ഐ കോര്‍പ്പറേഷന്‍റെ നിര്‍ദ്ദേശപ്രകാരം 18 പുതിയ ഇഎസ്ഐ ഡിസ്‌പെന്‍സറികള്‍ ആരംഭിക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുകയും ഒരു ഡിസ്‌പെന്‍സറിയില്‍ ഒന്‍പത് തസ്തിക വീതം 162 തസ്തികകള്‍ സൃഷ്ടിക്കുകയും ചെയ്തു. എന്നാല്‍ പുതിയ ഡിസ്‌പെന്‍സറികള്‍ ഉടന്‍ ആരംഭിക്കേണ്ടതില്ലെന്ന നിലപാടാണ് ഇപ്പോള്‍ കോര്‍പ്പറേഷനുള്ളത്‍. ശോചനീയാവസ്ഥയിലുള്ള കെട്ടിടങ്ങള്‍ നവീകരിക്കുന്നതിനും ആലപ്പുഴ ഇഎസ്ഐ ആശുപത്രി, ഫാക്ടറി വാര്‍ഡ്, പാതിരപ്പള്ളി ഇഎസ്ഐ ഡിസ്‌പെന്‍സറി എന്നിവയ്ക്ക് ആധുനിക രീതിയിലുള്ള പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കിയിരുന്നു. എന്നാല്‍ ഇഎസ്ഐ കോര്‍പ്പറേഷന്‍റെ അനുമതി ലഭിക്കാത്തതിനാല്‍ തുടര്‍നടപടികള്‍ സ്വീകരിക്കാനാവാത്ത സാഹചര്യമാണുള്ളതെന്നും മന്ത്രി വ്യക്തമാക്കി.