തിരുവനന്തപുരം: ടിപി സെന്‍കുമാര്‍ ഐ.എം.ജി ജയറക്ടര്‍ ജനറലായി ചുമതലയേറ്റെടുത്തു. പോലീസ് മേധാവി സ്ഥാനത്തു നിന്നും ഇടത് സര്‍ക്കാര്‍ പുറത്താക്കിയതിനെ തുടര്‍ന്ന് അവധിയില്‍ പോയ സെന്‍കുമാര്‍ എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ജോലിയില്‍ തിരികെ പ്രവേശിക്കുന്നത്. ഡിജിപി സ്ഥാനത്തു നിന്നും പുറത്താക്കിയ നടപടിക്കെതിരെ നിയമപോരാട്ടം തുടരുമെന്ന് സെന്‍കുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഇടത് സര്‍ക്കാര്‍ അധികാരത്തിലെത്തി ദിവസങ്ങള്‍ കഴിയുംമുന്‍പാണ് പോലീസ് മേധാവി സ്ഥാനത്തുനിന്നും ടിപി സെന്‍കുമാറിനെ നീക്കിയത്. പുറ്റിങ്ങല്‍, ജിഷ വധകേസ് അന്വേഷണത്തിന്റെ മേല്‍നോട്ടത്തില്‍ വീഴ്ച വരുത്തിയെന്നാരോപിച്ചായിരുന്നു നടപടി. പിന്നീട് പോലീസ് ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ എംഡിയാക്കി.
എന്നാല്‍ സര്‍ക്കാര്‍ തീരുമാനത്തോട് പ്രതിഷേധിച്ച സെന്‍കുമാര്‍ അവധിയില്‍ പ്രവേശിക്കുകയും പരാതിയുമായി അഡ്മിനിസ്‌ട്രേറ്റീവ് െ്രെടബ്യൂണലിനെയും ഹൈക്കോടതിയെയും സമീപിക്കുകയും ചെയ്‌തെങ്കിലും ഇരുകോടതിയും സെന്‍കുമാറിന്റെ പരാതി തള്ളി. എന്നാല്‍ ശമ്പളം വെട്ടിക്കുറച്ച നടപടി റദ്ദ് ചെയ്തു.ഇതിനിടയിലാണ് സെന്‍കുമാറിനെ ഐഎംജി ജയറക്ടര്‍ ജനറലാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
ഡിജിപി സ്ഥാനത്ത് നിന്ന് പുറത്താക്കിയ നടപടിയെ ചോദ്യം ചെയ്ത് സെന്‍കുമാര്‍ നല്‍കിയ പരാതി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. സര്‍വ്വീസ് കാലാവധി അവസാനിക്കാന്‍ ഇനി നാലരമാസം മാത്രമുള്ള തനിക്ക് പുതിയ ചുമതലയില്‍ കൂടുതലൊന്നും ചെയ്യാനില്ലെന്ന് ടിപി സെന്‍കുമാര്‍ പറഞ്ഞു.
