റോഡിൽ സാക്ഷാൽ യമരാജൻ ട്രാഫിക് നിയമം തെറ്റിക്കുന്നവരെ പിടിക്കാൻ  

ബം​ഗളൂരു: ബം​ഗളൂരു ന​ഗരത്തിൽ നിയമം തെറ്റിച്ച് വാഹനമോടിക്കുന്നവരെ പിടിക്കാൻ കാലനിറങ്ങി. അതായത് സാക്ഷാൽ യമരാജൻ. തിളങ്ങുന്ന വസ്ത്രങ്ങളൊക്കെ ധരിച്ചാണ് യമരാജന്റെ നിൽപ്പ്. കയ്യിൽ ​ഗദയുമുണ്ട്. കയ്യിൽ കയറും കൂടെ പോത്തും ഇല്ല എന്നൊരൊറ്റ വ്യത്യാസമേയുളളൂ. എല്ലാ ഡ്രൈവർമാരുടെയും അടുത്ത് ചെന്ന് യമരാജൻ ഇങ്ങനെ പറയും. ട്രാഫിക് നിയമങ്ങൾ തെറ്റിച്ച് അമിതവേ​ഗത്തിൽ വാഹനമോടിച്ചാൽ ഞാൻ അപ്പോൾ തന്നെ നിങ്ങളുടെ വീട്ടിൽ വരും. അതുകൊണ്ട് ശ്രദ്ധയോടെ വാഹനമോടിക്കുക 

​ഗതാ​ഗത നിയമങ്ങൾഡ തെറ്റിച്ചും ഹെൽമെറ്റ് ധരിക്കാതെയും അമിത വേ​ഗത്തിൽ വണ്ടിയോടിക്കുന്നവരെ താക്കീത് നൽകി ശരിയാക്കാൻ ഹലാസുരു ​ഗേറ്റ് ട്രാഫിക് പൊലീസ് നിയോ​ഗിച്ചിരിക്കുന്നത് യമരാജനെയാണ്. അവരുടെ ബ്രാൻഡ് അംബാസഡറാണ് കാലൻ എന്ന് വേണമെങ്കിൽ പറയാം. ജൂലൈ മാസത്തെ റോഡ് സുരക്ഷാ മാസമായിട്ടാണ് ഞങ്ങൾ ആചരിക്കുന്നത്. ഇതിനോട് അനുബന്ധിച്ച് സെമിനാറുകളും സ്കൂളുകളിലും കോളേജുകളിലും സംവാദങ്ങളും തെരുവുനാടകങ്ങളും സംഘടിപ്പിക്കുന്നുണ്ട്. റോഡ് നിയമങ്ങൾ ലംഘിച്ചാൽ എന്ത് സംഭവിക്കുമെന്ന് പറയാൻ യമനെ ഉപയോ​ഗിക്കാമെന്ന് അങ്ങനെയാണ് തീരുമാനിക്കുന്നത്. 

അമിത വേ​ഗതയിലും അശ്രദ്ധയിലും വാഹനമോടിക്കുന്നത് കൊണ്ടാണ് റോഡിലെ തൂണുകളും മറ്റ് വാഹനങ്ങളും കാണാതെ പോകുന്നത്. അത്തരം അശ്രദ്ധകൾ ഒഴിവാക്കാനും യമരാജൻ താക്കീത് നൽകുന്നുണ്ട്. പൊതുജനങ്ങളുടെ ഇടയിൽ അവബോധം സൃഷ്ടിക്കാൻ വേണ്ടിയാണ് ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതെന്ന് ട്രാഫിക് ഉദ്യോ​ഗസ്ഥർ പറയുന്നു. അശ്രദ്ധ മൂലമാണ് മിക്ക അപകടങ്ങളും സംഭവിക്കുന്നതെന്ന് ഇവർ വിലയിരുത്തുന്നു.