നിങ്ങളുടെ ജീവിതം വിശ്വാസമാകുന്നു എന്ന മുദ്രാവാക്യത്തോടെ ഗതാഗത സുരക്ഷിതത്വത്തിന് പ്രാധാന്യം നല്‍കിയാണ് വാരാഘോഷത്തിന് തുടക്കമായത്. ഗതാഗത നിയമ ലംഘനങ്ങളും റോഡ് അപകടങ്ങളും പരമാവധി കുറയ്‌ക്കുന്നതിനുള്ള അവബോധം ജനങ്ങളില്‍ സൃഷ്‌ട്രിക്കുകയാണ് ഇതിന്റെ ലക്ഷ്യം. ചെറിയ ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴ അടയ്‌ക്കുന്നതിന് 12 മുതല്‍ 18 വരെ അവന്യൂവിലും 360 മാളിലും രണ്ട് ബൂത്തുകളുടെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍, ഗുരുതരമായ നിയമ ലംഘനങ്ങള്‍ക്ക് മന്ത്രാലയത്തിന്റെ ഓഫീസില്‍ ബന്ധപ്പെട്ടാലേ മാറ്റാനാകൂ.

ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ ആഭ്യന്തര മന്ത്രാലയം കുത്തനെ വര്‍ധിപ്പിക്കുമെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് മന്ത്രാലയം അറിയിച്ചു. എന്നാല്‍ നിയമത്തിന് ആനുപാതികമായി പിഴ വര്‍ധിപ്പിക്കാന്‍ നീക്കമുണ്ട്. ഇക്കാര്യം മുന്‍കൂട്ടി ജനങ്ങളെ അറിയിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രം സാമൂഹ്യ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളെ ആശ്രയിക്കാവൂയെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.