സെന്‍ട്രല്‍ ഡല്‍ഹിയിലെ ഹോട്ടലില്‍ നടത്തിയ റെയ്‌ഡിലാണ് ഇവരെ രക്ഷിച്ചത്. വെളുപ്പിന് ഒരു മണിക്ക് ആരംഭിച്ച ഓപ്പറേഷന്‍ രാവിലെ ആറ് മണിക്ക് അവസാനിച്ചു. അന്താരാഷ്‌ട്ര പെണ്‍വാണിഭ സംഘത്തിലെ കണ്ണികളാണ് പിന്നിലെന്ന് ദില്ലി പൊലിസ്.

ദില്ലി: സെന്‍ട്രല്‍ ഡല്‍ഹിയിലെ ഹോട്ടലില്‍ ദില്ലി പൊലിസും ദില്ലി കമ്മീഷന്‍ ഫോര്‍ വുമണും ചേര്‍ന്ന് നടത്തിയ പ്രത്യേക റെയ്‌ഡില്‍ പെണ്‍വാണിഭ സംഘത്തിന്‍റെ കെണിയില്‍ നിന്ന് 39 നേപ്പാളി വനിതകളെ രക്ഷപെടുത്തി. വെളുപ്പിന് ഒരു മണിക്ക് ആരംഭിച്ച ഓപ്പറേഷന്‍ രാവിലെ ആറ് മണിക്കാണ് അവസാനിച്ചത്. 

തൊഴില്‍ നല്‍കാമെന്ന് പറഞ്ഞ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് കടത്താന്‍ എത്തിച്ചതാണ് ഇവരെയെന്ന് ദില്ലി കമ്മീഷന്‍ ഫോര്‍ വുമണ്‍ ചീഫ് സ്വാതി മാലിവാള്‍ ട്വിറ്ററില്‍ കുറിച്ചു. ദില്ലി കമ്മീഷന്‍ ഫോര്‍ വുമണിന്‍റെയും ഡല്‍ഹി പൊലിസിന്‍റെയും നേതൃത്വത്തില്‍ ജൂലൈ 25ന് ശേഷം നടക്കുന്ന മൂന്നാമത്തെ പരിശോധനയായിരുന്നു ഇത്. 

ജൂലൈ 25ന് സൗത്ത്‌വെസ്റ്റ് ഡല്‍ഹിയില്‍ നടത്തിയ പരിശോധനയില്‍ 16 നേപ്പാളി വനിതകളെ രക്ഷപെടുത്തിയിരുന്നു. വസന്ത് വിഹാറില്‍ നിന്ന് ജൂലൈ 30ന് ഡല്‍ഹി- വാരണാസി പൊലിസിന്‍റെ സംയുക്‌ത ഓപ്പറേഷനില്‍ പതിനാറ് നേപ്പാള്‍ സ്വദേശിനികളടക്കം 18 വനിതകളെയും രക്ഷപെടുത്തി.